ബംഗളൂരു: ലോകായുക്ത രജിസ്റ്റർ ചെയ്ത അഴിമതിക്കേസിൽ ഒന്നാം പ്രതിയായ കർണാടക ബി.ജെ.പി എം.എൽ.എ മദാൽ വിരുപക്ഷപ്പക്ക് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. 48 മണിക്കൂറിനകം അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകണമെന്ന ഉപാധിയോടെയാണ് ജസ്റ്റിസ് കെ. നടരാജൻ അധ്യക്ഷനായ ബെഞ്ച് മുൻകൂർ ജാമ്യം അനുവദിച്ചത്. രണ്ടു പേരുടെ ആൾജാമ്യത്തിന് പുറമെ, അഞ്ചു ലക്ഷം രൂപ കെട്ടിവെക്കണമെന്നും കോടതി ഉത്തരവിൽ പറഞ്ഞു. കേസ് അന്വേഷിക്കുന്ന ലോകായുക്ത സംഘം എം.എൽ.എക്കെതിരായ റിപ്പോർട്ടും രേഖകളും ഹാജരാക്കുന്നതുവരെ മാത്രമാണ് മുൻകൂർ ജാമ്യം. കേസെടുത്തതോടെ ഒളിവിൽപോയ എം.എൽ.എയെ കണ്ടെത്താൻ ലോകായുക്ത ഏഴ് അന്വേഷണ സംഘങ്ങളെ നിയോഗിച്ചിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
എന്നാൽ, മുൻകൂർ ജാമ്യം ലഭിച്ച ശേഷം ഒളി സങ്കേതത്തിൽ നിന്ന് പുറത്തുവന്ന വിരുപക്ഷപ്പ ചൊവ്വാഴ്ച ദാവൻകരെയിലെ വീട്ടിലെത്തി. എം.എൽ.എക്ക് ബി.ജെ.പി പ്രവർത്തകർ മണ്ഡലത്തിൽ വൻവരവേൽപ് നൽകി. വീട്ടിലേക്കുള്ള വഴി മധ്യേ, വിരുപക്ഷപ്പയുടെ കാറിന് ചുറ്റും പടക്കം പൊട്ടിച്ചും നൃത്തം ചെയ്തുമാണ് പ്രവർത്തകർ ആഘോഷം നടത്തിയത്.
കർണാടക സോപ്സ് ആൻഡ് ഡിറ്റർജൻറ്സ് ലിമിറ്റഡിലെ (കെ.എസ്.ഡി.എൽ) ചെയർമാനായിരുന്ന വിരുപക്ഷപ്പ അസംസ്കൃതവസ്തുക്കളുടെ കരാറിന് കൈക്കൂലി വാങ്ങിയതായാണ് ലേകായുക്തയുടെ കണ്ടെത്തൽ. വിരുപക്ഷപ്പക്ക് വേണ്ടി മകൻ പ്രശാന്ത് മദാൽ 40 ലക്ഷം രൂപ കൈക്കൂലി കൈപ്പറ്റുന്നതിനിടെ ലോകായുക്ത പൊലീസ് കൈയോടെ പിടികൂടിയിരുന്നു. കേസിൽ രണ്ടാം പ്രതിയാണ് ബി.ഡബ്ല്യു.എസ്.എസ്.ബി ചീഫ് അക്കൗണ്ടന്റ് കൂടിയായ പ്രശാന്ത് മദാൽ. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 8.02 കോടി രൂപയാണ് എം.എൽ.എയുടെ മകന്റെ ഓഫിസിൽനിന്നും വീട്ടിൽനിന്നുമായി ലോകായുക്ത സംഘം പിടിച്ചെടുത്തത്. എം.എൽ.എയുടെ ദാവൻകരെയിലെ വീട്ടിലും ഫാം ഹൗസിലും നടത്തിയ റെയ്ഡിൽ 16.5 ലക്ഷം രൂപയും രണ്ടു കിലോയിലേറെ സ്വർണവും 26 കിലോ വെള്ളിയും കണ്ടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.