‘രാജ്യത്തിന് മറുപടി വേണം; ആഘോഷത്തിരക്കിലമർന്ന പ്രധാനമന്ത്രിക്ക് കശ്മീരിലെ കരച്ചിൽ കേൾക്കാനാവുന്നില്ല’

ന്യൂഡൽഹി: ജമ്മു കശ്മീരിൽ അടിക്കടിയുണ്ടായ ഭീകരാക്രമണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യം ഉത്തരം ആവശ്യപ്പെടുന്നുവെന്ന് പറഞ്ഞ അദ്ദേഹം എന്തുകൊണ്ട് മോദി സർക്കാറിന്റെ കീഴിൽ തീവ്രവാദികളെ അമർച്ച ചെയ്യാൻ കഴിഞ്ഞില്ലെന്ന് വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു.

പ്രവഹിക്കുന്ന അഭിനന്ദന സന്ദേശങ്ങൾക്ക് പ്രതികരണമറിയിക്കുന്ന തിരക്കിലാണ് മോദിയെന്നും അതിനാൽ ജമ്മു കശ്മീരിൽ ക്രൂരമായി കൊല ചെയ്യപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ കരച്ചിൽ​ കേൾക്കാൻ അദ്ദേഹത്തിനു കഴിയുന്നില്ലെന്നും ​രാഹുൽ ‘എക്സി’ലിട്ട പോസ്റ്റിൽ ആഞ്ഞടിച്ചു. രിയാസി, കത്വ,ദോഡ എന്നിവിടങ്ങളിൽ മൂന്ന് വ്യത്യസ്ത ആക്രമണങ്ങൾ നടന്നിട്ടും പ്രധാനമന്ത്രി ആഘോഷങ്ങളുടെ തിരക്കിലാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ടി.ഡി.പി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്ര ബാബു നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി പ​ങ്കെടുത്തതിനു തൊട്ടു പിന്നാലെയാണ് രാഹുലിന്റെ രൂക്ഷ വിമർശനം.

നേരത്തെ കോൺഗ്രസ് നേതാവ് പവൻ ഖേരയും പ്രധാനമന്ത്രിയുടെ നിശബ്ദതയെ വിമശിച്ച് രംഗത്തെത്തിയിരുന്നു. മോദിക്ക് ക്രൂരമായ ഭീകരാക്രമണത്തെ അപലപിക്കാന്‍ സമയമില്ലെന്ന് പറഞ്ഞ അദ്ദേഹം ജമ്മു കശ്മീരില്‍ സമാധാനവും സാധാരണ നിലയും തിരിച്ചുവരുമെന്ന ബി.ജെ.പിയുടെ വാദങ്ങള്‍ പൊളിഞ്ഞതായും കശ്മീര്‍ താഴ്വരയില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോലും ബി.ജെ.പി തയ്യാറായില്ല എന്നത് അവരുടെ ‘നയാ കാശ്മീര്‍’ എന്നതിന്റെ തെളിവാണെന്നും തുറന്നടിച്ചു.

Tags:    
News Summary - 'Country demanding answers': Rahul Gandhi questions PM Modi'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.