വീട്ടുജോലിക്കാരിയെ ​ക്രൂര പീഡനത്തിനിരയാക്കിയ ദമ്പതികളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

ഗുരുഗ്രാം: വീട്ടു ജോലിക്കാരിയായ ​പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂര പീഡനത്തിനും ലൈംഗിക പീഡനത്തിനും ഇരയാക്കിയ സംഭവത്തിൽ അറസ്റ്റിലായ ദമ്പതികളെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. ഗ്രുരുഗ്രാം സ്വദേശികളായ മനീഷ് ഖട്ടർ(36), കമൽജീത് കൗർ(34) എന്നിവരെയാണ് പിരിച്ചു വിട്ടത്. ജോലിക്കാരിയെ ഏർപ്പെടുത്തി നൽകുന്ന ഏജൻസിയെ സംബന്ധിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.

കമൽജീത് കൗർ ജോലി ചെയ്യുന്ന പബ്ലിക് റിലേഷൻ കമ്പനി, ഭർത്താവ് മനീഷ് ഖട്ടർ ജോലി ചെയ്യുന്ന ഇൻഷുറൻസ് കമ്പനി എന്നിവയാണ് ഇരുവരെയും പിരിച്ചു വിട്ട വിവരം അറിയിച്ചത്.

അതേസമയം, ഡൽഹിയിലെ ഝാർഖണ്ഡ് ഭവൻ ഉദ്യോഗസ്ഥർ സിവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയെ സന്ദർശിച്ചു.

ഝാർഖണ്ഡ് സ്വദേശിയായ പെൺകുട്ടിയെ പ്ലേസ്മെന്റ് ഏജൻസി വഴിയാണ് ദമ്പതികൾ വീട്ടുവേലക്ക് നിർത്തിയത്. ഇരുവരും പെൺകുട്ടിയെ ദിവസവും അതിക്രൂരമായി മർദിച്ചിരുന്നുവെന്ന് സഖി സെന്റർ ഇൻ ചാർജ് പിങ്കി മാലിക് നൽകിയ പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് പൊലീസ് പെൺകുട്ടിയെ രക്ഷിക്കുകയായിരുന്നു.

പെൺകുട്ടിയുടെ കൈകളിലും കാലിലും വായിലും നിരവധി മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് രജിസ്റ്റർചെയ്ത കേസ് പ്രകാരം പെൺകുട്ടിക്ക് 17 വയസാണ്. സഖി സെന്റർ ഇൻചാർജ് പിങ്കി മാലിക് പറയുന്നതനുസരിച്ച്, ദമ്പതികൾ പെൺകുട്ടിയെ ഉറങ്ങാൻ പോലും അനുവദിച്ചിരുന്നില്ല. ഭക്ഷണവും നൽകിയിരുന്നില്ല. വായ നിറയെ പരിക്കേറ്റ മുറിവുകളാണ്. ദേഹത്ത് എല്ലായിടത്തും മുറിവുകളുണ്ട്.

അഞ്ചുമാസങ്ങൾക്ക് മുമ്പാണ് പെൺകുട്ടി ഖട്ടറിന്റെ കുടുംബത്തിൽ എത്തിയത്. ദിവസവും മർദിക്കുക മാത്രമല്ല, ഇരുമ്പ് കൊടിൽ ചൂടാക്കി ദേഹത്ത് പൊള്ളിക്കുമായിരുന്നുവെന്നും പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.

ഖട്ടർ പതിവായി തന്നെ നഗ്നയാക്കി സ്വകാര്യ ഭാഗങ്ങളിലടക്കം മുറിവേൽപ്പിക്കുമായിരുന്നുവെന്നും തന്റെ വീട്ടിലേക്ക് പോകാനോ വീട്ടുകാരുമായി ബന്ധപ്പെടാനോ അനുവദിക്കാതെ തടവിൽ വെച്ചിരിക്കുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിനെ അറിയിച്ചു.

Tags:    
News Summary - Couple Who Tortured, Abused 17-Year-Old Help In Gurugram, Lose Their Jobs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.