ന്യൂഡൽഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഏതാനും മണിക്കൂറുകൾ രോഗിയായ ഭാര്യയെ കാണാൻ കോടതി അനുമതി. അഞ്ച് ദിവസത്തേക്ക് രോഗിയായ ഭാര്യയെ കാണാനാണ് സിസോദിയ അനുമതി തേടിയിരുന്നത്. എന്നാൽ, നാളെ രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ ആറു മണിക്കൂർ മാത്രം ഭാര്യയെ സന്ദർശിക്കാനാണ് അനുമതി ലഭിച്ചത്.
ഡൽഹി റോസ് അവന്യൂ കോടതി സപ്െഷ്യൽ ജഡ്ജി എം.കെ. നാഗ്പാലിന്‍റേതാണ് നടപടി. ഡൽഹി മദ്യനയ അഴിമതി കേസിൽ എം.പി സഞ്ജയ് സിങ്ങിന്‍റെ ജുഡീഷ്യൽ കസ്റ്റഡി നവംബർ 24 വരെ നീട്ടുകയും ചെയ്തു. നേരത്തെ ജൂണിൽ ഭാര്യയെ കാണാൻ സിസോദിയക്ക് അനുമതി ലഭിച്ചിരുന്നു. തിഹാർ ജയിലിലാണ് സിസോദിയ കഴിയുന്നത്.
കേസിൽ മനീഷ് സിസോദിയയുടെ ജാമ്യഹരജി ദിവസങ്ങൾക്ക് മുമ്പ് സുപ്രീംകോടതി തള്ളിയിരുന്നു. 338 കോടി രൂപയുടെ കൈമാറ്റം നടന്നുവെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷനായിട്ടുണ്ടെന്നാണ് ജാമ്യം തള്ളി പുറപ്പെടുവിച്ച വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കിയത്. ഇത് ആം ആദ്മി പാർട്ടിക്കും ഡൽഹി സർക്കാറിനും കനത്ത തിരിച്ചടിയായിട്ടുണ്ട്.
ആറ് മുതൽ എട്ട് മാസത്തിനകം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സി.ബി.ഐയും രജിസ്റ്റർ ചെയ്ത കേസുകളിൽ വിചാരണ പൂർത്തിയാക്കണമെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ. ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.