യെദിയൂരപ്പക്കെതിരായ അഴിമതിക്കേസ് അന്വേഷിക്കാൻ കോടതി ഉത്തരവ്

ബംഗളൂരു: മുൻ മുഖ്യമന്ത്രിയും ബി.ജെ.പി എം.എൽ.എയുമായ ബി.എസ്. യെദിയൂരപ്പക്കെതിരായ അഴിമതിക്കേസിൽ അന്വേഷണം നടത്താൻ കോടതി ഉത്തരവ്. എം.പിമാരുടെയും എം.എൽ.എമാരുടെയും കേസുകൾക്കായുള്ള ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് ലോകായുക്ത പൊലീസിനോട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ബുധനാഴ്ച ഉത്തരവിട്ടത്. അധികാര ദുർവിനിയോഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടി യെദിയൂരപ്പക്കെതിരെ മലയാളി സാമൂഹികപ്രവർത്തകനും കർണാടക ആൻഡി ഗ്രാഫ്റ്റ് ആൻഡ് എൻവയൺമെന്റ് ഫോറം അധ്യക്ഷനുമായ ടി.ജെ. അബ്രഹാമാണ് കോടതിയെ സമീപിച്ചത്.

സാമ്പത്തികനേട്ടത്തിനുവേണ്ടി ബംഗളൂരു വികസന അതോറിറ്റിയുടെ പ്രോജക്ടുകൾ കടലാസു കമ്പനികൾ മുഖേന രാമലിംഗം കൺസ്ട്രക്ഷൻസ് കമ്പനിക്ക് കൈമാറിയതായാണ് ആരോപണം. ഇതിനായി രാമലിംഗം കൺസ്ട്രക്ഷൻസ് ഉടമ ചന്ദ്രകാന്ത് രാമലിംഗത്തിൽനിന്ന് 12.5 കോടി വാങ്ങിയെന്നാണ് പരാതി.യെദിയൂരപ്പ, മകൻ ബി.വൈ. വിജയേന്ദ്ര, അന്ന് ബി.ഡി.എ ചെയർപേഴ്സനായിരുന്ന ഇന്നത്തെ സഹകരണ മന്ത്രി എസ്.ടി. സോമശേഖർ, യെദിയൂരപ്പയുടെ പേരമകൻ ശശിധർ മാരാടി, മരുമകൻ സഞ്ജയ് ശ്രീ, ചന്ദ്രകാന്ത് രാമലിംഗം, ഐ.എ.എസ് ഓഫിസർ ജി.സി. പ്രകാശ്, കെ. രവി, വിരുപക്ഷ എന്നിവരടക്കം ഒമ്പതുപേർക്കെതിരെയായിരുന്നു ഹരജി.

മുമ്പ് ഇതേ പരാതിയുമായി ഇതേ കോടതിയെ ടി.ജെ. അബ്രഹാം സമീപിച്ചിരുന്നു. എന്നാൽ, ഈ പരാതിയിൽ ജനപ്രതിനിധികൾക്കെതിരായ അന്വേഷണത്തിന് ഗവർണറിൽനിന്ന് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി 2021 ജൂലൈ എട്ടിന് ഹരജി കോടതി തള്ളുകയായിരുന്നു. പിന്നീട് അബ്രഹാം അപ്പീലുമായി കർണാടക ഹൈകോടതിയെ സമീപിച്ചു. അഴിമതിയാരോപണവുമായി ബന്ധപ്പെട്ട സ്വകാര്യ ഹരജി കർണാടക ഹൈകോടതി പുനഃസ്ഥാപിച്ച് സെപ്റ്റംബർ ഏഴിന് ഉത്തരവിട്ടു.

കീഴ്ക്കോടതിയുടെ തീരുമാനം തള്ളിയ ഹൈകോടതി, ഹരജിയിൽ പുതിയ വാദംകേൾക്കാൻ അഡീഷനൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയോട് ഉത്തരവിൽ ആവശ്യപ്പെട്ടിരുന്നു. ആരോപണം ഉന്നയിക്കപ്പെട്ട കുറ്റകൃത്യത്തിന് അഴിമതി തടയൽ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം, കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമം എന്നിവ പ്രകാരം ആരോപിതർക്കെതിരെ കുറ്റം ചുമത്തണമെന്ന് ഹരജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമം (പി.എം.എൽ.എ ആക്ട്) അനുസരിച്ച് കുറ്റം ചുമത്താൻ പ്രത്യേക കോടതിക്ക് അധികാരമില്ലെന്നും അതിന് ബന്ധപ്പെട്ട വകുപ്പിനെ സമീപിക്കാനുമായിരുന്നു ഹൈകോടതി നിർദേശം. ടി.ജെ. അബ്രഹാം മുമ്പ് ബംഗളൂരു നൈസ് റോഡ് അതിവേഗപാതയുടെ നിർമാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി വിവാദ വ്യവസായിയും എം.എൽ.എയുമായിരുന്ന അശോക് ഖേനിക്കെതിരെ സുപ്രീംകോടതിയിൽ കേസ് നൽകിയിരുന്നു.  

Tags:    
News Summary - Court order to investigate corruption case against Yeddyurappa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.