മഥുര: ശ്രീകൃഷ്ണെൻറ ജന്മസ്ഥലമെന്നു കരുതുന്ന മഥുരയിലെ ക്ഷേത്രത്തിനുസമീപമുള്ള പള്ളി (ഷാഹി ഈദ്ഗാഹ് മസ്ജിദ്) പൊളിക്കുന്നതിൽ പള്ളിക്കമ്മിറ്റിയോട് നിലപാട് തേടി കോടതി. 17ാം നൂറ്റാണ്ടിൽ നിർമിച്ച പള്ളിയാണിത്. മഥുര അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി ദേവ്കാന്ത് ശുക്ലയാണ് നോട്ടീസയച്ചത്. സുന്നി വഖഫ് ബോർഡ്, ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റ്, ശ്രീകൃഷ്ണ സേവ സൻസ്ഥാൻ എന്നിവർക്കും നോട്ടീസയച്ചു. അടുത്ത വിചാരണ തീയതിയായ മാർച്ച് എട്ടിന് എല്ലാവരും നിലപാട് അറിയിക്കണം.
പഴയ കേശവ് ദേവ് ക്ഷേത്രത്തിലെ പ്രതിഷ്ഠക്കുവേണ്ടി പൂജാരി പവൻകുമാർ ശാസ്ത്രി നൽകിയ ഹരജിയിലാണ് കോടതി നടപടി. മൂന്ന് ആവശ്യങ്ങളാണ് ഹരജിയിൽ ഉന്നയിച്ചത്. ഒന്ന്: പള്ളി ഉൾപ്പെടുന്ന 13.37 ഏക്കർ ഭൂമിയുടെ അവകാശം. രണ്ട്: ക്ഷേത്രത്തിലെ പരമ്പരാഗത അവകാശമുള്ള പൂജാരി എന്ന നിലയിൽ മൊത്തം ക്ഷേത്ര സമുച്ചയം കൈകാര്യം ചെയ്യാനുള്ള അവകാശം. മൂന്ന്: ക്ഷേത്രവും പള്ളിയും അടുത്തടുത്ത് നിലനിൽക്കുന്നത് സംബന്ധിച്ച് ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവ സൻസ്ഥാനും പള്ളി കമ്മിറ്റിയും തമ്മിലുണ്ടാക്കിയ കരാറിന് അംഗീകാരം കൊടുത്ത 1967ലെ മഥുര കോടതി വിധി റദ്ദാക്കൽ.
പള്ളിയുടെ നിലനിൽപുമായി ബന്ധപ്പെട്ട് മഥുര കോടതിയിൽ മൂന്ന് ഹരജികൾ കൂടി പരിഗണനയിലുണ്ട്. ഇതിൽ അഭിഭാഷകനായ മഹേന്ദ്ര പ്രതാപ് സിങ് അഞ്ചുപേർക്കുവേണ്ടി നൽകിയ കേസ് കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.