കോടതികളുടെ നീണ്ട അവധിക്കെതിരെ ഹരജി; ദീപാവലി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് ഹൈകോടതി

മുംബൈ: കോടതികൾ നീണ്ട അവധിയെടുക്കുന്ന രീതിയെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാത്പര്യ ഹരജി ദീപാവലി അവധിക്ക് ശേഷം പരിഗണിക്കുമെന്ന് ബോംബെ ഹൈകോടതി. ബോംബെ ഹൈകോടതി ഒക്ടോബർ 22 മുതൽ നവംബർ ഒമ്പതുവരെ ദീപാവലി അവധിയിലാണ്.

നീതി ലഭിക്കാനുള്ള ഹരജിക്കാരുടെ മൗലികാവകാശത്തെ ലംഘിക്കുന്നതാണ് ഹൈകോടതിയുടെ അവധിയെന്ന് സബീന ലക്‌ഡാവാല സമർപ്പിച്ച പൊതുതാത്പര്യ ഹരജി ചൂണ്ടിക്കാണിക്കുന്നു.

ജഡ്ജിമാർ അവധിയെടുക്കുന്നതിന് ഹരജിക്കാരൻ എതിരല്ല. എന്നാൽ ജുഡീഷ്യറിയിലെ അംഗങ്ങൾ ഒരേ സമയം അവധിയെടുക്കരുത്. വർഷം മുഴുവൻ കോടതികൾ പ്രവർത്തിക്കാൻ ഇത് ഹായകമാകുമെന്നും ലക്‌ഡാവാലയുടെ അഭിഭാഷകൻ മാത്യൂസ് നെടുമ്പാറ പറഞ്ഞു.

ജസ്റ്റിസുമാരായ എസ്.വി. ഗംഗാപൂർവാല, ആർ.എൻ. ലദ്ദ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുമ്പാകെയാണ് ഹരജിയിൽ അടിയന്തര വാദം കേൾക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടത്.

2022ലെ ഹൈകോടതി കലണ്ടർ കഴിഞ്ഞ വർഷം നവംബറിൽ തന്നെ ലഭ്യമാക്കിയിട്ടും ഇപ്പോൾ ഹരജി നൽകിയതെന്തുകൊണ്ടാണെന്ന് ബെഞ്ച് അഭിഭാഷകനോട് ചോദിച്ചു. നവംബർ 15ന് ഹരജി പരിഗണിക്കുമെന്ന് ഹൈകോടതി അറിയിച്ചു.

ഹൈകോടതിക്ക് എല്ലാ വർഷവും മൂന്ന് അവധികളാണുള്ളത്. ഒരുമാസം വേനൽക്കാല അവധി, രണ്ടാഴ്ച ദീപാവലി അവധി, ഒരാഴ്ച ക്രിസ്മസ് അവധി. അവധി ദിവസങ്ങളിൽ, അടിയന്തര ജുഡീഷ്യൽ ജോലികൾക്കായി പ്രത്യേക അവധിക്കാല ബെഞ്ചുകൾ പ്രവർത്തിക്കാറുണ്ട്.

നീണ്ട കോടതി അവധികൾ കൊളോണിയൽ കാലഘട്ടത്തിന്റെ ശേഷിപ്പാണെന്നും അത് ജുഡീഷ്യൽ ഡെലിവറി സംവിധാനത്തിന്റെ തകർച്ചക്ക് കാരണമാണെന്നും ലക്‌ഡാവാല തന്റെ ഹരജിയിൽ ആരോപിച്ചു.

എല്ലാ കേസുകളും കേൾക്കാനും തീർപ്പുകൽപ്പിക്കാനും മതിയായ ജഡ്ജിമാരെ നിയമിച്ച്, അവധിക്കാല ബെഞ്ചിന്റെ അനുമതിയില്ലാതെ എല്ലാ ഹരജികളും സ്വീകരിക്കാൻ രജിസ്‌ട്രിക്ക് നിർദേശം നൽകിക്കൊണ്ട് വരാനിരിക്കുന്ന ദീപാവലി അവധിക്കാലത്ത് ഹൈകോടതി പൂർണതോതിൽ പ്രവർത്തനക്ഷമമാക്കണമെന്നും ഹരജിയിൽ ആവശ്യമുന്നയിക്കുന്നു.

ജഡ്ജിമാർക്കും അഭിഭാഷകർക്കും അവധി നിഷേധിച്ച് അവരുടെ ജോലിഭാരം വർധിപ്പിക്കണമെന്നല്ല തന്റെ വാദമെന്നും സ്ഥാപനം അടച്ചുപൂട്ടാതെ അഭിഭാഷകർക്കും ജഡ്ജിമാർക്കും ആവശ്യമായ ഇടവേള നൽകാമെന്നും ലക്ഡവാല കൂട്ടിച്ചേർത്തു.

Tags:    
News Summary - Courts Take Too Many Holidays, Says New Petition. To Be Heard After Diwali Break

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.