ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. രോഗികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും 72,000ത്തോളം പേർ രോഗമുക്തി നേടിയതായും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
നിലവിൽ 25,000 പേർ ചികിത്സയിലുള്ളതിൽ 15,000 ത്തോളം പേർ വീടുകളിലാണ്.സംസ്ഥാനത്ത് മരണനിരക്ക് കുറക്കാൻ സാധിച്ചു. രാജ്യത്തെ ആദ്യ കൊറോണ പ്ലാസ്മ ബാങ്ക് ആരംഭിച്ചതായും കെജ്രിവാൾ പറഞ്ഞു. പ്ലാസ്മ തെറപ്പി രോഗികളിൽ ഗുണകരമായ മാറ്റം നൽകുന്നുണ്ടെന്നും രോഗം ഭേദമായവർ പ്ലാസ്മ ദാനം ചെയ്യാൻ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് 24 മണിക്കൂറിനിടെ 24,248 പേർക്കാണ് കോവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,97,413 ആയി. 425 പേർ ഇന്നലെ മാത്രം മരിച്ചതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തിങ്കളാഴ്ച രാവിലെ പുറത്തുവിട്ട കണക്കുകൾ പറയുന്നു.
2,06,619 കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയാണ് പട്ടികയിൽ ഏറ്റവും മുകളിൽ. 8822 മരണവും മഹാരാഷ്ട്രയിലാണ്. രണ്ടാമതുള്ള തമിഴ്നാട്ടിൽ 1,11,151 പേർക്കാണ് രോഗം. 1510 പേരാണ് തമിഴ്നാട്ടിൽ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.