മുംബൈ: നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ അത്യാഹിത വിഭാഗവും വെൻറിലേറ്ററുകളും നിറഞ്ഞതായി അധികൃതർ. അത്യാഹിത വിഭാഗത്തിൽ 99ശതമാനവും വെൻറിലേറ്ററുകളിൽ 94 ശതമാനവും ഉപയോഗത്തിലാണ്. രോഗികൾ കൂടിയാൽ ഇവയുടെ എണ്ണം തികയാതെ വരുമെന്ന് ബ്രിഹാൻ മുംബൈ കോർപറേഷൻ അധികൃതർ അറിയിച്ചു.
ജൂൺ 11 വരെ മുംബൈയിൽ 1181 അത്യാഹിത വിഭാഗ കിടക്കകൾ ഒരുക്കിയിരുന്നു. ഇതിൽ1167 എണ്ണത്തിലും രോഗികളെ പ്രവേശിപ്പിച്ചു. 14 കിടക്കകൾ മാത്രമാണ് ഒഴിവുള്ളത്. 530 വെൻറിലേറ്ററുകളിൽ 497 എണ്ണവും ഉപയോഗിച്ചു. ഓക്സിജൻ സൗകര്യമുള്ള 5260 കിടക്കളിൽ 3986 എണ്ണവും രോഗികൾ നിറഞ്ഞു. 24 ശതമാനം മാത്രമാണ് ഇവയിൽ ഒഴിവുള്ളത്.
നഗരത്തിൽ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി നിരവധി ആശുപത്രികൾ സജ്ജമാക്കിയിരുന്നു. ഇത്തരത്തിൽ ഒരുക്കിയ 10,490 കിടക്കകളിൽ 9098 എണ്ണവും നിറഞ്ഞു. 13 ശതമാനം മാത്രമാണ് ഒഴിവുള്ളതെന്നും കോർപറേഷൻ അധികൃതർ അറിയിച്ചു.
രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതൽ പിടിമുറുക്കിയ നഗരം മുംബൈയാണ്. 55,000 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് െചയ്തത്. 2044 ആണ് മരിച്ചവരുടെ എണ്ണം. ഒരു ദിവസം ആയിരത്തിൽ അധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 100ഓളം പേർ മരിക്കുകയും ചെയ്യുന്നുണ്ട്.
സർക്കാർ നിർദേശപ്രകാരം ഗുരുതര രോഗലക്ഷണമുള്ളവരെ മാത്രമാണ് നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ചെറിയ ലക്ഷണമുള്ളവരെ വീടുകളിൽ നിരീക്ഷണത്തിൽ വിടുകയാണ് ചെയ്യുക. കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കൂടുതൽ കിടക്ക സൗകര്യമൊരുക്കുമെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.