ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാംതരംഗത്തിന്റെ തീവ്രത കുറയുകയാണെന്ന് ആരോഗ്യവിദഗ്ധർ. കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ട്. കഴിഞ്ഞ ഡിസംബറിൽ ഒമിക്രോൺ വ്യാപനം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് രോഗികളുടെ എണ്ണം കുറയുന്നത്. ഈ ട്രെൻഡ് തുടരുകയാണെങ്കിൽ അത് കോവിഡ് മൂന്നാം തരംഗത്തിൽ നിർണായകമാവുമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു.
വെള്ളിയാഴ്ച 2,33,779 പേർക്കാണ് ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 17 ദിവസത്തിനിടയിലുണ്ടായ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധയാണിത്. ജനുവരി 20ന് ശേഷം എല്ലാദിവസവും രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. പ്രതിദിന രോഗികളുടെ എണ്ണം മൂന്നരലക്ഷത്തിനടുത്ത് എത്തിയതിന് ശേഷമാണ് പിന്നീട് വലിയ കുറവ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച അവസാനിച്ച ആഴ്ചയിൽ പ്രതിദിന കോവിഡ് രോഗികളുടെ ശരാശരി എണ്ണം 312,180 ആയിരുന്നു. എന്നാൽ, ഈ ആഴ്ച ഇത് 279,100 ആയി കുറഞ്ഞു. ഒമിക്രോൺ വ്യാപനം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ഒരാഴ്ചയിലെ കോവിഡ് ശരാശരി രോഗികളുടെ എണ്ണം കുറയുന്നത്. റിപബ്ലിക് ദിനമടക്കമുള്ള അവധി ദിനങ്ങൾ വന്നതിനാൽ ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞത് രോഗികളുടെ എണ്ണത്തെ സ്വാധീനിക്കുന്നുണ്ടെങ്കിലും ടി.പി.ആറിലുണ്ടാവുന്ന കുറവ് ആശ്വാസകരമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പശ്ചിമബംഗാൾ, ഡൽഹി, ബിഹാർ, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.