ഹൈദരാബാദ്: തെലങ്കാന സർക്കാറിനെതിരെ പ്രതിഷേധവുമായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പിന്നാലെ കോവിഡ് ബാധിച്ച് മരിച്ച പ്രൈമറി സ്കൂൾ അധ്യാപികയുടെ കുടുംബം. ഏപ്രിൽ 17ന് നാഗാർജുനസാഗർ ഉപതെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരായ സന്ധ്യയാണ് മരിച്ചത്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ സന്ധ്യക്ക് ഏപ്രിൽ 20 ഒാടെ പനി ബാധിക്കുകയായിരുന്നു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ അത്യാസന്ന വിഭാഗത്തിൽ ചികിത്സയിലായിരുന്നു അവർ. 35 കാരിയായ സന്ധ്യ മേയ് എട്ടിന് മരിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധിപേർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. എെൻറ ഭാര്യ മാത്രമല്ല, ജീവിതവും നഷ്ടമായെന്നായിരുന്നു ഭർത്താവ് കമ്മംപതി മോഹൻ റാവുവിെൻറ പ്രതികരണം. 'എെൻറ ഭാര്യ മാത്രമല്ല, ജീവിതവും നഷ്ടമായി. എന്തിനാണ് തെരഞ്ഞെടുപ്പ് നടത്തിയത്? ഒരു എം.എൽ.എക്ക് വേണ്ടി മാത്രം എത്ര ജീവനുകളാണ് നഷ്ടപ്പെടുത്തിയത്. ലോക്ഡൗണിന് ശേഷമോ എല്ലാവരും വാക്സിൻ സ്വീകരിച്ചതിന് ശേഷമോ മാത്രം തെരഞ്ഞെടുപ്പ് നടത്തിയാൽ പോരെ?' -റാവു പറഞ്ഞു.
ഹാലിയയിലായിരുന്നു സന്ധ്യയുടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ഏപ്രിൽ 14ന് കൂറ്റൻ റാലി നടത്തിയ സ്ഥലമാണിവിടം. ഇതിനുപിന്നാലെ ചന്ദ്രശേഖർ റാവുവിനും ടി.ആർ.എസ് പാർട്ടി സ്ഥാനാർഥിക്കും നൂറുകണക്കിന് പേർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പെങ്കടുത്ത 200ഒാളം അധ്യാപകർക്ക് കോവിഡ് സ്ഥിരീകരിച്ചതായി തെലങ്കാന ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ തെരഞ്ഞെടുപ്പ് നടത്തി ഇത്രയധികം പേർക്ക് രോഗം പിടിപ്പെട്ടതോടെ സർക്കാറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് രോഗം ബാധിച്ചവരുടെ കുടുംബങ്ങൾ.
ഉപതെരഞ്ഞെടുപ്പിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്ന് റാവു കുറ്റപ്പെടുത്തി. പോളിങ് ദിവസം പോലും മാനദണ്ഡങ്ങൾ ലംഘിച്ചു. പോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന 30 പേരെ ഒരു ബസിൽ കുത്തിനിറച്ചായിരുന്നു യാത്ര. 10ഒാളം ഉദ്യോഗസ്ഥർ ഒരു ചെറിയ ക്ലാസ്മുറിയിൽ രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ കഴിഞ്ഞു. താപനില പരിശോധിക്കാൻ പോലും ആരുമില്ലായിരുന്നു. പോളിങ് ഉദ്യോഗസ്ഥർക്ക് പി.പി.ഇ കിറ്റും നൽകിയില്ലെന്നും റാവു പറഞ്ഞു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന 15 അധ്യാപകർക്കാണ് തെലങ്കാനയിൽ ഇതുവരെ ജീവൻ നഷ്ടമായത്. നൂറുകണക്കിന് പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.