ബംഗളൂരു: കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത് വ്യാപിക്കുന്നതിനിടെ ബംഗളൂരുവിലെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക സർക്കാർ. ആർ.ടി.പി.സി.ആർ പരിശോധനയാണ് നടത്തേണ്ടത്. ഏപ്രിൽ ഒന്ന് മുതലാണ് നിയന്ത്രണം നിലവിൽ വരിക.
അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരാണ് ബംഗളൂരുവിലെ 60 ശതാനം കോവിഡ് രോഗികളും. ഇതിനാലാണ് പുറത്ത് നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്ക് നിർബന്ധമാക്കിയതെന്ന് കർണാടക ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു. ബംഗളൂരവിൽ കോവിഡ് സ്ഥിരീകരിക്കുന്നവർക്ക് ക്വാറന്‍റീൻ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
20 മുതൽ 40 വയസ് വരെ പ്രായമുള്ളവരിലാണ് പോസിറ്റിവിറ്റി നിരക്ക് കൂടുതൽ. രോഗികൾ ക്വാറന്‍റീൻകാലത്ത് മറ്റുള്ളവരുമായി ഇടപഴകുന്നില്ലെന്ന് ഉറപ്പാക്കണം. മാസ്ക് ധരിക്കാത്തവർക്കും സാമൂഹിക അകലം പാലിക്കാത്തവർക്കുമെതിരെ കർശന നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
തുറന്ന സ്ഥലങ്ങളിൽ വിവാഹങ്ങൾക്കും രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾക്കും 500 പേരെയാണ് അനുവദിക്കുക. ഹാളുകളിലാണെങ്കിൽ ഇത് 200 ആയി നിജപ്പെടുത്തിയിട്ടുണ്ട്. പിറന്നാൾ ആഘോഷങ്ങൾക്ക് പരമാവി 100 പേർക്കാണ് അനുമതി. മരണാനന്തര ചടങ്ങുകൾക്ക് തുറന്ന സ്ഥലങ്ങളിൽ 100 പേർക്കും മറ്റുള്ളിടത്ത് 50 പേർക്കുമാണ് അനുമതി നൽകിയിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. അതേസമയം, പഞ്ചാബ്, ഛത്തീസ്ഗഢ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് നിലവിൽ തന്നെ കർണാടകയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.