ന്യൂഡൽഹി: കോവിഡ് 19 രോഗബാധയുള്ള വ്യക്തി യാത്രചെയ്തെന്ന സംശയത്തെ തുടർന്ന് എയർ ഏഷ്യ ഇന്ത്യ വിമാനത്തിലെ പൈലറ്റ് കോക്പിറ്റിൽ നിന്നുള്ള എമർജൻസി എക്സിറ്റ് വഴി പുറത്തിറങ്ങി. മാർച്ച് 20 ന് പുനെയിൽനിന്ന് ഡൽഹി രാജ്യാന്തര വിമാനത്തിൽ ഇറങ്ങിയ വിമാനത്തിലാണ് സംഭവം. കൊറോണ വൈറസ് ബാധ സംശയിക്കുന്ന യാത്രക്കാർ ഉണ്ടായിരുന്നതിനാൽ, ലാൻഡിങ്ങിന് ശേഷം പൈലറ്റ് ഇൻ കമാൻഡ് കോക്പിറ്റിെൻറ സെക്കൻഡറി എക്സിറ്റ് ആയ സ്ലൈഡിങ് വിൻഡോ വഴി വിമാനത്തിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു.
പുനെയിൽ നിന്ന് ഐ 5-732 വിമാനത്തിൽ കോവിഡ് 19 രോഗബാധ സംശയിക്കുന്ന ഒരു യാത്രക്കാരൻ ഉണ്ടായിരുന്നു. ഇദ്ദേഹം ഒന്നാം നിരയിലെ സീറ്റിലാണ് ഇരുന്നിരുന്നത്. സുരക്ഷ മുൻനിർത്തി ദൂരെയുള്ള റൺവേയിലാണ് വിമാനം ഇറക്കിയത്. കോവിഡ് സംശയിക്കുന്നയാൾ മുന്നിലെ ഡോർവഴി ഇറങ്ങിയതിനാലാണ് സുരക്ഷ മുൻനിർത്തി പൈലറ്റ് സ്ലൈഡിങ് വിൻഡോ വഴി പുറത്തിറങ്ങിയതെന്ന് എയർ ഏഷ്യ ഇന്ത്യ വക്താവ് അറിയിച്ചു.
വിമാനത്തിലെ മറ്റ് യാത്രക്കാരെ പിൻവാതിലിലൂടെയാണ് ഇറക്കിയത്. യാത്രക്കാരെ പിന്നീട് പരിശോധനക്ക് വിധേയമാക്കി. വിമാനവും അനുബന്ധ ഉപകരണങ്ങളും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കിയതായും വിമാന ജീവനക്കാർക്ക് സമ്പർക്കവിലക്ക് ഏർപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.