ന്യൂഡൽഹി: കോവിഡ്19 വൈറസ് ബാധക്കെതിരെ അടുത്ത വർഷം ആദ്യപാദത്തോടെ ഇന്ത്യക്ക് വാക്സിൻ ലഭിക്കാൻ സാധ്യതയുണ്ടെന്നും അത് പല സ്രോതസുകളിൽ നിന്നായിരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ.
ഒന്നിൽ കൂടുതൽ ഉറവിടങ്ങളിൽ നിന്ന് വാക്സിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്ത് വാക്സിൻ വിതരണം നടത്താനുള്ള പദ്ധതികൾ വിദഗ്ധ സംഘങ്ങളുമായി ചേർന്ന് ആസൂത്രണം ചെയ്തു വരുന്നുവെന്നും ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വാക്സിനുകൾ തയാറായി കഴിഞ്ഞാൽ തുല്യതയോടെ വിതരണം ചെയ്യുന്നതിനായി ഡാറ്റ ശേഖരിക്കുന്നതിന് സർക്കാർ സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ഹർഷ് വർധൻ പറഞ്ഞു. രാജ്യത്തെ ഓരോരുത്തർക്കും എങ്ങനെ ഒരു വാക്സിൻ ഉറപ്പാക്കാം എന്നതിനാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020 അവസാനത്തോടെ അല്ലെങ്കിൽ അടുത്ത വർഷം ആദ്യം തന്നെ ഫലപ്രദമായ വാക്സിൻ രജിസ്റ്റർ ചെയ്യപ്പെടുമെന്ന് പ്രതീഷിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ ചീഫ് സയൻറിസ്റ്റ് സൗമ്യ സ്വാമിനാഥനും അറിയിച്ചു.
ലോകത്ത് നിലവിൽ 40 ഓളം വാക്സിനുകൾ ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിൽ എത്തിനിൽക്കുനനു. 10 വാക്സിനുകൾ മൂന്നാം ഘട്ട പരീക്ഷണങ്ങളിലാണ്. അവസാന ഘട്ടത്തിലുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ തുടരുന്നവർ വാക്സിെൻറ ഫലപ്രാപ്തിയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ലോകാരോഗ്യ സംഘടനയെ അറിയിക്കുന്നുണ്ടെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
അണുബാധയുടെ അപകടസാധ്യത കൂടുതലുള്ള തൊഴിൽ ഗ്രൂപ്പിനും രോഗം ഗുരതമാകാനും മരണനിരക്ക് ഉയരാനും സാധ്യതയുള്ളവർക്കകുമാണ് വാക്സിൻ വിതരണത്തിൽ മുൻഗണനയെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.
രാജ്യത്തെ ജനസംഖ്യ കണക്കിലെടുക്കുമ്പോൾ, ഇന്ത്യക്ക് ഒന്നിലധികം വാക്സിൻ നിർമ്മാതാക്കളുമായി സഹകരിക്കേണ്ടിവരും. നിലവിൽ ഇന്ത്യയിലുള്ള എല്ലാ കോവിഡ് വാക്സിനുകളും പരീക്ഷണങ്ങളുടെ ആദ്യ ഘട്ടങ്ങളിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.