ന്യൂഡൽഹി: ഈ വർഷം ലഭ്യമാകില്ലെങ്കിലും കുത്തിവെപ്പില്ലാതെ മൂക്കിലൂടെ വാക്‌സിന്‍ ഡോസ് സ്വീകരിക്കുന്ന ഇന്ത്യൻ നിർമിത 'നേസൽ കോവിഡ് വാക്സിൻ' കുട്ടികളിലെ കോവിഡ്ബാധയെ ചെറുത്ത് തോൽപിക്കുന്നതിന് ഏറെ സഹായകമാകുമെന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞയായ ഡോ. സൗമ്യ സ്വാമിനാഥൻ. കോവിഡ് മൂന്നാം തരംഗം ഇന്ത്യയിൽ കുഞ്ഞുങ്ങളെയാണ് ഏറ്റവും രൂക്ഷമായി ബാധിക്കുകയെന്ന റിപ്പോർട്ടുകൾക്കിടെയാണിത് സൗമ്യയുടെ പ്രസ്താവന.
'ഇന്ത്യൻ നിർമിത നേസൽ വാക്സിനുകൾ കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ മാർഗങ്ങളിലെ ചാലക ശക്തിയാകും. ഇത് മൂക്കിലൂടെ ഇറ്റിച്ച് നൽകാൻ എളുപ്പമാണ്. ഇവ രോഗപ്രതിരോധശേഷി കൂട്ടും' -ശിശുരോഗ വിദഗ്ദ കൂടിയായ ഡോ. സൗമ്യ സി.എൻ.എൻ ന്യൂസ് 18നോട് പറഞ്ഞു.
കൂടുതൽ മുതിർന്നവർക്ക്, പ്രത്യേകിച്ച് അധ്യാപകർക്ക് വാക്സിൻ നൽകേണ്ടതുണ്ടെന്നും സമൂഹ വ്യാപന സാധ്യത കുറയുമ്പോൾ മാത്രമേ സ്കൂളുകൾ വീണ്ടും തുറക്കാൻ പാടുള്ളൂ എന്നും അവർ പറഞ്ഞു. 'ആത്യന്തികമായി ഞങ്ങൾ കുട്ടികൾക്ക് വാക്സിൻ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഈ വർഷം അത് നടക്കില്ല. സമൂഹ വ്യാപനം കുറയുമ്പോൾ സ്കൂളുകൾ തുറക്കണം. മറ്റ് മുൻകരുതലുകൾക്കൊപ്പം ബാക്കി രാജ്യങ്ങളും അതാണ് ചെയ്തത്. അധ്യാപകർക്ക് വാക്സിനേഷൻ ചെയ്താൽ അത് ഒരു വലിയ ചുവടുവെപ്പായിരിക്കും' -ഡോ. സൗമ്യ കൂട്ടിച്ചേർത്തു.
കുട്ടികൾ കോവിഡ്ബാധയിൽ നിന്ന് മുക്തരല്ലെന്നും എന്നാൽ ആഘാതം വളരെ കുറവാണെന്നും കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 'കുട്ടികൾക്ക് കോവിഡ് ബാധിച്ചാൽ, ഒന്നുകിൽ രോഗലക്ഷണങ്ങൾ ഉണ്ടാകില്ല അല്ലെങ്കിൽ കുറഞ്ഞ ലക്ഷണങ്ങളുണ്ടാകും. അവരെ പൊതുവെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ല'-നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു.
ഉപയോഗിക്കാൻ എളുപ്പമെന്ന നിലയിൽ ജനപ്രിയമാണ് മൂക്കിലൂടെ നൽകുന്ന വാക്സിനുകൾ. ഒരു നാസൽ വാക്സിൻ (ഓരോ മൂക്കിലും ഒരു തുള്ളി ആവശ്യമാണ്) സിറിഞ്ചുകൾ പോലുള്ള മെഡിക്കൽ ഉപകരണങ്ങൾ ലാഭിക്കാനും ഓരോ വാക്സിനേഷനും എടുക്കുന്ന സമയം കുറയ്ക്കാനും സഹായിക്കും. സിംഗിൾ-ഡോസ് മരുന്നാണെന്നതും പുതിയ വേരിയൻറിന് അനുകൂല ഘടകമാണ്. മൂക്കിലൂടെ ഒഴിക്കുന്ന കോവിഡ് വാക്സിന്റെ പരീക്ഷണങ്ങൾക്ക് അനുമതിതേടി ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കാണ് (ഡിസിജിഐ) അപേക്ഷ നൽകിയിരുന്നു.
ഭാരത് ബയോടെകിെൻറ കോവാക്സിൻ, ആസ്ട്രസെനിക്കയുടെ കോവിഷീൽഡ് എന്നിവയ്ക്ക് മസിലുകളിൽ രണ്ട് കുത്തിവയ്പ്പുകൾ ആവശ്യമാണെന്നതും മൂക്കിലൂടെ ഒഴിക്കുന്ന മരുന്നിന്ന് ആവശ്യക്കാർ വർധിക്കാൻ ഇടയാക്കും. സാധാരണ വാക്സിൻ വിതരണത്തിൽ നിന്ന് വ്യത്യസ്തമായി മൂക്കിലൂടെയാണ് നേസൽ വാക്സിൻ നൽകുക. അതിനാൽ ശരീരത്തിൽ അതിവേഗം പ്രവർത്തിച്ചു തുടങ്ങുന്ന നേസൽ വാക്സിൻ സാധാരണ വാക്സിനെക്കാൾ ഫലപ്രദമാണെന്നാണ് വിദഗ്ധ അഭിപ്രായം. ശരീരത്തിലെത്തി വളരെ വേഗത്തിൽ രോഗ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ നേസൽ വാക്സിൻ സഹായിക്കുന്നു. കോറോണ വൈറസ് മൂക്കിലൂടെ പ്രവേശിച്ച് ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന അതേ രീതിയിലൂടെയാണ് നേസൽ വാക്സിൻ പ്രവർത്തിക്കുക. ഓരോ നാസാദ്വാരത്തിലും 0.1 മില്ലി.ലി വാക്സിനാണ് നൽകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.