മുംബൈ: നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി 500 നും 700 നുമിടയിൽ വർധിക്കുമ്പോൾ തീവ്ര പരിചരണ സംവിധാനങ്ങളുടെയും ജീവനക്കാരുടെയും അഭാവം പ്രതികൂലമാകുന്നു. കോവിഡ് ആശുപത്രികളിൽ ഒക്സിജൻ ലഭ്യമുള്ള ഒരു കിടക്കയിൽ രണ്ട് രോഗികളെ ചികിത്സിക്കുന്ന അവസ്ഥയാണ്. സയൺ, കെ.ഇ.എം ആശുപത്രികളിൽ നിന്ന് ഇത്തരം വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കെ.ഇ.എം ആശുപത്രികളിൽ കിടക്ക ഒഴിവില്ലാത്തതിനാൽ രോഗികൾ ഇടനാഴികളിൽ കിടക്കുന്നു. രോഗം മൂർച്ഛിച്ചവർക്ക് ഒാക്സിജൻ അടിയന്തരമായി നൽകാൻ കഴിയുന്നില്ലെന്നാണ് പരാതി. നഗരത്തിലെ ആശുപത്രികളിൽ 3,000 ഒാക്സിജൻ കിടക്കകളും 500 തീവ്രപരിചരണ കിടക്കകളുമാണുള്ളത്. ദിവസവും ആശുപത്രികളിൽ പുതുതായി വാർഡുകൾ തയാറാക്കുന്നുവെങ്കിലും പെട്ടെന്ന് രോഗികൾ നിറയുകയാണ്. രണ്ടാഴ്ചക്കകം ഇത് 40,000 ആയി ഉയർത്താൻ യുദ്ധകാലാടിസ്ഥാനത്തിൽ ശ്രമിക്കുന്നതായി നഗരസഭ അഡീഷനൽ കമീഷണർ സുരേഷ് കകാനി പറഞ്ഞു.
രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ജീവനക്കാരുടെയും ഡോക്ടർമാരുടെയും എണ്ണം കൂടാത്തതാണ് മറ്റൊരു പ്രശ്നം. 25,000 സ്വകാര്യ ഡോക്ടർമാർക്ക് 15 ദിവസം കോവിഡ് ആശുപത്രികളിൽ സേവനം നിർബന്ധമാക്കിയിട്ടുണ്ട്. 12,864 രോഗികളാണ് ആശുപത്രികളിലും ക്വാറൻറീൻ സെൻററുകളിലും കഴിയുന്നത്. 489 പേർ ഇതുവരെ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.