ബംഗളൂരു: കർണാടകയിലെ അഞ്ചു ജില്ലകളിൽ കേരളത്തിൽനിന്ന് തിരിച്ചെത്തുന്ന മലയാളി വിദ്യാർഥികൾക്ക് ആർ.ടി.പി.സി ആർ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.
ദക്ഷിണ കന്നട, ഉഡുപ്പി, മൈസൂരു, കുടക്, ചാമരാജ് നഗർ എന്നീ ജില്ലകളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികൾക്കാണ് കേരളത്തിലെത്തി മടങ്ങിയെത്തുമ്പോൾ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്.
72 മണിക്കൂറിനുള്ളിലെടുത്ത പരിശോധന ഫലമായിരിക്കണം ഹോസ്റ്റലുകളിലും കോളജുകളിലുമെത്തുമ്പോൾ ഹാജരാക്കേണ്ടതെന്നും കർണാടക ആരോഗ്യവകുപ്പ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി. ഇതോടൊപ്പം മലയാളി വിദ്യാർഥികൾക്ക് ഒാൺലൈൻ ക്ലാസുകൾ വ്യാപകമാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.
അഞ്ചു ജില്ലകളിലെയും കോളജുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാർഥികൾ ഇടക്കിടെ നാട്ടിൽപോയി മടങ്ങിവരുന്നത് ഒഴിവാക്കണണെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
മംഗളൂരുവിനും കാസർകോടിനുമിടയിൽ ദിവസേന കോളജിൽ പോയിവരുന്നവർക്ക് രണ്ടാഴ്ചയിലൊരിക്കൽ കോവിഡ് പരിശോധന നടത്തും.
മംഗളൂരുവിലെ നഴ്സിങ് കോളജിൽ കഴിഞ്ഞയാഴ്ച 49 മലയാളി വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം മൈസൂരുവിലെ നഴ്സിങ് കോളജിലെ 27 മലയാളി നഴ്സിങ് വിദ്യാർഥികൾക്കും കോവിഡ് സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.