ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിെൻറ പശ്ചാത്തലത്തിൽ ഏഴ് വർഷം തടവില്ലാത്ത കേസുകളിൽ അറസ്റ്റുകൾ പരാമവധി ഒഴിവാക്കാനും തടവ് പുള്ളികൾക്ക് പരോളും ഇടക്കാല ജാമ്യവും അനുവദിച്ച് ജയിലുകളിൽ തിരക്ക് കുറക്കാനുമുള്ള മാർഗനിർദേശങ്ങൾ സുപ്രീംകോടതി പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് സ്വമേധയാ എടുത്ത കോവിഡ് കേസിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
അറസ്റ്റിെൻറ കാര്യത്തിൽ അർണേഷ് കുമാർ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ കോവിഡ് പശ്ചാത്തലത്തിൽ ബാധകമാക്കുകയാണെന്ന് കോടതി വ്യക്തമാക്കി. മുൻ ഉത്തരവ് പ്രകാരം സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഉണ്ടാക്കിയ ഉന്നതതല സമിതികൾ കഴിഞ്ഞ വർഷത്തെ മാർഗനിർദേശങ്ങളുെട അടിസ്ഥാനത്തിൽ തടവുപുള്ളികളുടെ മോചനം പരിഗണിക്കണം. കഴിഞ്ഞ വർഷം മോചിപ്പിച്ച മുഴുവൻ തടവുകാരെയും ഈ വർഷവും മോചിപ്പിക്കുന്നത് പരിഗണിക്കണം. അതിനായി പ്രത്യേക അപേക്ഷ നൽകേണ്ടതില്ല. കഴിഞ്ഞ വർഷം വിട്ടയച്ച 90 ശതമാനത്തിലേറെ പേരും തിരിച്ചുവന്നതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നേരത്തെ സുപ്രീംകോടതി ഉത്തരവ് പ്രകാരം പരോൾ ലഭിച്ചവർക്ക് 90 ദിവസത്തെ പരോൾകൂടി അനുവദിക്കണം. അതേസമയം, ജയിലിൽനിന്ന് പുറത്തിറങ്ങാൻ ആഗ്രഹിക്കാത്ത ജയിൽപുള്ളികളുടെ അസാധാരണ കേസുകളിൽ അവരുടെ ആശങ്കകൾ പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
വൈറസ് പടരാനുള്ള സാധ്യത ഭയന്നും സാമൂഹികസ്ഥിതി ഓർത്തും ജയിൽ തന്നെ സുരക്ഷിതമാണെന്ന് കരുതുന്ന തടവുപുള്ളികളുടെ കാര്യത്തിൽ അവരുടെ ആശങ്ക പരിഗണിക്കണമെന്ന് സുപ്രീംകോടതി ചുണ്ടിക്കാട്ടി. ഉന്നത സമിതി ഓരോ ജയിലിെൻറ ശേഷിയും അതിൽ നിലവിലുള്ള തടവുകാരുടെ എണ്ണവും സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തണം. ജയിലുകളിലെ തിരക്ക് ഇന്ത്യപോലുള്ള രാജ്യങ്ങളിൽ വലിയ പ്രശ്നമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. തടവിലുള്ളവർക്ക് ചികിത്സാസൗകര്യങ്ങൾ ലഭ്യമാക്കണം. ജയിലുകളിൽ തടവുകാരുടെയും ജീവനക്കാരുടെയും കോവിഡ് പരിശോധന പതിവായി നടത്തണം.
ഉദ്യോഗസ്ഥർക്ക് കോവിഡ് പകരാതിരിക്കാൻ പ്രതികൾക്ക് കൈയാമം വെക്കാൻ അനുവദിക്കണമെന്ന് അറ്റോണി ജനറൽ കെ.കെ. വേണുഗോപാലും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ആവശ്യപ്പെട്ടെങ്കിലും അത് പിന്നീട് പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.