ന്യൂഡൽഹി: ആശുപത്രികളിലും വീടുകളിലും മനുഷ്യർ കോവിഡ് പിടിച്ച് പിടഞ്ഞുവീഴുന്നത് പതിവു കാഴ്ച ആയ രാജ്യത്ത് നന്മയുടെ വലിയ മാതൃകകളൊരുക്കി എണ്ണമറ്റ മനുഷ്യരുടെ കനിവൂറും കഥകൾ ആശ്വാസതുരുത്താകുന്നു. ഓക്സിജൻ സിലിണ്ടറുകൾ സംഘടിപ്പിച്ചുനൽകി ഒരു വിഭാഗം രോഗികളുടെ ശ്വാസം നേരെയാക്കുേമ്പാൾ ആശുപത്രികളിലെ ബെഡൊഴിവ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് അടിയന്തര ചികിത്സ ലഭ്യമാക്കാനാണ് ഒരു വിഭാഗം തിരക്കിട്ട് ഓടുന്നത്. അതിനിടെ, കോവിഡ് ബാധിച്ച് വീടകങ്ങളിൽ തളക്കപ്പെട്ട മനുഷ്യർക്ക് ഭക്ഷണമെത്തിക്കുകയെന്ന ശ്രമകരമായ ദൗത്യമേറ്റെടുത്ത് ഒരു സ്ഥാപനം ശ്രദ്ധയാകർഷിക്കുന്നു.
ആഗ്രയിലെ ഭഗത് ഹൽവായ് എന്ന റസ്റ്റൊറന്റാണ് 120 കോവിഡ് രോഗികൾക്ക് ദിവസം രണ്ടു നേരമെന്ന തോതിൽ ഭക്ഷണമെത്തിച്ചുനൽകുന്നത്. അതും ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതി പരിഗണിച്ചുള്ള പ്രത്യേക ഭക്ഷണങ്ങൾ.
നഗരത്തിലെ േബ്ലാഗർമാരുടെ സഹായത്തോടെയാണ് ഹോട്ടൽ രോഗികളുടെ വിവരങ്ങൾ സംഘടിപ്പിക്കുന്നത്. എല്ലാവരും ഒന്നിക്കേണ്ട കാലത്തു ചെയ്യേണ്ടതാണിതെന്ന് ഉടമ ശിവം ഭഗത് പറയുന്നു. ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും ഹോട്ടൽ നൽകും. 120 ആണ് കണക്കെങ്കിലും ഓരോ ദിവസവും വ്യത്യാസമുണ്ടാകുന്നതിനാൽ ചിലപ്പോൾ എണ്ണം കൂടും. എളുപ്പം പൊളിക്കാവുന്ന കണ്ടെയ്നറുകളിലാണ് അവ പൊതിയുന്നത്. ജോലിക്കാർ സൗജന്യമായി വീടുകളിൽ എത്തിച്ചുനൽകും. ഷാഹ്ഗഞ്ച്, സിക്കൻദ്ര, ദയാൽബാഗ് എന്നിവിടങ്ങളിലാണ് നിലവിൽ സേവനം.
പലപ്പോഴും കുടുംബക്കാർ പോലും ഭക്ഷണമെത്തിക്കാൻ പ്രയാസം കാണിക്കുന്നിടത്ത് ജീവനക്കാർ സന്തോഷത്തോടെ അവ നൽകാൻ കാണിക്കുന്ന താൽപര്യമാണ് പദ്ധതി വിജയിപ്പിക്കുന്നതെന്ന് ഭഗത് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.