ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ 22 കോവിഡ് ജെ.എൻ.1 കേസുകൾ സ്ഥിരീകരിച്ചുവെന്ന് കേന്ദ്രസർക്കാർ. ഇതുവരെ ഒരിടത്തും കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ല. ജെ.എൻ.1 രോഗികൾക്ക് നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്. ചില സംസ്ഥാനങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പോസിറ്റീവാകുന്ന സാമ്പിളുകൾ ജനിതകശ്രേണീകരണത്തിന് അയക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 640 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആക്ടീവ് രോഗികളുടെ എണ്ണം 2,997 ആയി ഉയർന്നു. 5,33,328 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. 4.5 കോടി പേർക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചു.
കേരളത്തിന് പുറമേ കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ, പുതുച്ചേരി, ഗുജറാത്ത്, തെലങ്കാന, പഞ്ചാബ്, ഡൽഹി സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധന രേഖപ്പെടുത്തുന്നത്. കോവിഡ് വകഭേദമായ ജെ.എന്‍1 കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതയും തയാറെടുപ്പും ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തോട് നിർദേശിച്ചിരുന്നു.
ഏതാനും ആഴ്ചകളായി കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുന്നുണ്ട്. വിദേശത്തുനിന്നെത്തുന്നവര്‍ പൊതുവേ കൂടുതലുള്ള കേരളത്തില്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോകത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ നല്ല പങ്കും ജെ.എന്‍1 വകഭേദമെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.