ബംഗളൂരു: രാജ്യത്ത് കോവിഡിന്റെ നാലാം തരംഗ ഭീഷണിക്കിടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിമാനത്താവളങ്ങളിലും അതിർത്തി ജില്ലകളിലും നിരീക്ഷണം പുനരാരംഭിക്കുമെന്ന് സൂചന നൽകി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കഴിഞ്ഞ മൂന്നു തരംഗത്തിലും കേരളത്തിൽനിന്നും മഹാരാഷ്ട്രയിൽനിന്നും കർണാടകയിലെത്തുന്നവരിൽ കോവിഡ് കേസുകൾ കൂടുതലായിരുന്നു.
അതിനാൽ തന്നെ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ പങ്കെടുക്കുന്ന കോവിഡ് അവലോകന യോഗത്തിനുശേഷം കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിക്കും.
കർണാടകയിലെ വിമാനത്താവളങ്ങളിലും അതിർത്തി ജില്ലകളിലും പ്രത്യേകിച്ച് മഹാരാഷ്ട്രയുമായും കേരളവുമായും അതിർത്തി പങ്കിടുന്ന ജില്ലകളിലും ചെക്ക്പോസ്റ്റുകളിലും നിരീക്ഷണവും മുൻകരുതൽ നടപടികളും വീണ്ടും ആരംഭിക്കേണ്ടിവരുമെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു. കോവിഡ് കേസുകളിൽ നേരിയ വർധന റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കർണാടകയിൽ മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കിയത്. ഇതിന് പിറകെയാണ് അതിർത്തി ജില്ലകളിൽ നിരീക്ഷണവും പരിശോധനയും ആരംഭിക്കുമെന്ന സൂചന മുഖ്യമന്ത്രി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.