കോവിഡ്; അതിർത്തി നിരീക്ഷണം പുനരാരംഭിക്കുമെന്ന് കർണാടക മുഖ്യമന്ത്രി

ബംഗളൂരു: രാജ്യത്ത് കോവിഡിന്‍റെ നാലാം തരംഗ ഭീഷണിക്കിടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിമാനത്താവളങ്ങളിലും അതിർത്തി ജില്ലകളിലും നിരീക്ഷണം പുനരാരംഭിക്കുമെന്ന് സൂചന നൽകി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

കഴിഞ്ഞ മൂന്നു തരംഗത്തിലും കേരളത്തിൽനിന്നും മഹാരാഷ്ട്രയിൽനിന്നും കർണാടകയിലെത്തുന്നവരിൽ കോവിഡ് കേസുകൾ കൂടുതലായിരുന്നു. അതിനാൽ തന്നെ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ പങ്കെടുക്കുന്ന കോവിഡ് അവലോകന യോഗത്തിനുശേഷം കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിക്കും.

കർണാടകയിലെ വിമാനത്താവളങ്ങളിലും അതിർത്തി ജില്ലകളിലും പ്രത്യേകിച്ച് മഹാരാഷ്ട്രയുമായും കേരളവുമായും അതിർത്തി പങ്കിടുന്ന ജില്ലകളിലും ചെക്ക്പോസ്റ്റുകളിലും നിരീക്ഷണവും മുൻകരുതൽ നടപടികളും വീണ്ടും ആരംഭിക്കേണ്ടിവരുമെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു. കോവിഡ് കേസുകളിൽ നേരിയ വർധന റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കർണാടകയിൽ മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കിയത്.

ഇതിന് പിറകെയാണ് അതിർത്തി ജില്ലകളിൽ നിരീക്ഷണവും പരിശോധനയും ആരംഭിക്കുമെന്ന സൂചന മുഖ്യമന്ത്രി നൽകിയത്. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ ജനങ്ങൾ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഭയപ്പെടേണ്ട കാര്യമില്ല. ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം ഉയർന്നിട്ടില്ല. എങ്കിലും ചില മുൻകരുതൽ സ്വീകരിക്കേണ്ടതുണ്ടെന്നും ബസവരാജ് ബൊമ്മൈ കൂട്ടിച്ചേർത്തു.

കർണാടകയിൽ ഇപ്പോൾ നാലാം തരംഗം ആരംഭിച്ചുവെന്ന് പറയാൻ കഴിയില്ലെന്നും കേസുകളിൽ നേരിയ വർധന മാത്രമാണുള്ളതെന്നും ആരോഗ്യ മന്ത്രി ഡോ.കെ. സുധാകർ പറഞ്ഞു. ഒമിക്രോണിന്‍റെ ഉപവകഭേദങ്ങളുടെ സാന്നിധ്യം ബംഗളൂരുവിലുണ്ടോയെന്നത് സംബന്ധിച്ച് കുറച്ചു ദിവസത്തിനുള്ളിൽ ഔദ്യോഗിക വിവരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച കർണാടകയിൽ 85 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 82 കേസുകളും ബംഗളൂരുവിലാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കേസുകളിൽ നേരിയ വർധനയാണ് ഉണ്ടായത്.

Tags:    
News Summary - covid; Karnataka to resume border surveillance says Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.