പട്ന: മാതാപിതാക്കളുടെ ചികിത്സക്കായി രണ്ടു ആടുകളെ 11,000 രൂപക്കും പശുവിനെ 10,000 രൂപക്കും വിറ്റു. പലതും വിറ്റുപെറുക്കി 2,50,000 രൂപ ചിലവാക്കിയിട്ടും ഞങ്ങൾക്ക് അവരെ രക്ഷിക്കാൻ കഴിഞ്ഞില്ല -ബിഹാറിലെ റാണിഗഞ്ച് സ്വദേശികളായ മൂന്നു കുട്ടികൾ തങ്ങളുടെ മാതാപിതാക്കൾ കോവിഡിന് കീഴങ്ങിയ വിവരം പങ്കുവെക്കുേമ്പാൾ വിതുമ്പുന്നുണ്ടായിരുന്നു.
46കാരനായ ബിരേന്ദ്ര മെഹ്തയും 38കാരിയായ പ്രിയങ്ക ദേവിയുമാണ് കോവിഡ് മൂലം മരണത്തിന് കീഴടങ്ങിയത്. മാതാപിതാക്കളും മൂന്നുമക്കളും സന്തോഷത്തോടെ കഴിഞ്ഞുവരുേമ്പാഴാണ് അവരുടെ ജീവിതത്തിലേക്ക് വില്ലനായി കോവിഡ് കടന്നുവരുന്നത്. ഇതോടെ 18കാരി സോണി കുമാരിയും 12കാരിയും 14കാരനും മാത്രമായി ആ വീട്ടിൽ.
പിതാവിന്‍റെ ജീവനാണ് ആദ്യം കോവിഡ് അപഹരിച്ചത്. പിതാവിന്‍റെ മരണത്തോടെ ആരും സഹായിക്കാനില്ലാതായി. ബിരേന്ദ്രയായിരുന്നു കുടുംബത്തിന്‍റെ ഏക ആശ്രയം. ദിവസങ്ങൾക്ക് ശേഷം പ്രിയങ്കക്കും രോഗം ബാധിച്ചു. പണമില്ലാതായതോടെ റാണിഗഞ്ച് ആശുപത്രിയിലെ മാതാവിന്‍റെ ചികിത്സയും മുടങ്ങി. വീട്ടിലേക്ക് കൊണ്ടുവന്നു. അത്യാസന്ന നിലയിലായതോടെ വീണ്ടും ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരിച്ചുവെന്ന് കുട്ടികൾ പറയുന്നു.
മേയ് ഏഴിനായിരുന്നു മാതാവിന്‍റെ മരണം. പിതാവിന്‍റെ മരണത്തിന്‍റെ ആഘാതത്തിൽനിന്ന് കയറിവരുന്നതിനിടെയാണ് മാതാവിന്‍റെയും വേർപാട്.
മാതാപിതാക്കൾ കോവിഡ് ബാധിച്ച് മരിച്ചതോടെ മൂന്നു മക്കളെയും അയൽവാസികൾ കൊറോണയെ ഭയന്ന് അടുപ്പിക്കാതെയായി.മാതപിതാക്കൾക്കൊപ്പമായിരുന്നു ഞങ്ങളുടെ മുഴുവൻ ജീവിതവും. അവരില്ലാത്ത വീട് ശൂന്യമായി തോന്നുകയാണെന്ന് 12കാരി പറയുന്നു.
പിതാവിന്‍റെ ബൈക്ക് വീട്ടിനുപുറത്ത് പാർക്ക് ചെയ്തിരിക്കുന്നുണ്ട്. അത് കാണുേമ്പാൾ ദുഃഖം ഇരട്ടിയാകുമെന്നും മക്കൾ പറയുന്നു. മരുന്നുകടയായിരുന്നു കുടുംബത്തിന്‍റെ പ്രധാന വരുമാന മാർഗം. കട ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.
പിതാവ് മരിച്ചതോടെ ആരും ഭക്ഷണം പോലും തങ്ങൾക്ക് നൽകാൻ തയാറായിരുന്നില്ലെന്ന് മൂന്നുപേരും പറയുന്നു. പ്രിയങ്കയും ബിരേന്ദ്രയും എട്ടാം ക്ലാസ് വരെയാണ് പഠിച്ചത്. അതിനാൽ തന്നെ ഇരുവരുടെയും ആഗ്രഹം മൂന്നു മക്കളെയും പഠിപ്പിച്ച് വലിയ നിലയിലാക്കണമെന്നായിരുന്നു. എന്നാൽ അവരുടെ ആഗ്രഹങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചാണ് ഇരുവരുടെയും മടക്കമെന്നും കുട്ടികൾ പറയുന്നു.
മാതാവ് മരിച്ചതിന് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാൻ ഗ്രാമത്തലവൻ സരോജ് കുമാർ മെഹ്ത സമ്മതിച്ചില്ലായിരുന്നുവെന്നും കുട്ടികൾ പറയുന്നു. കോവിഡ് കാരണം സുരക്ഷ പ്രശ്നങ്ങളുണ്ടാകുമെന്നായിരുന്നു വാദം. അതിനാൽ തന്നെ മാതാവിന്‍റെ മൃതദേഹം സമീപത്തെ വയലിൽ എത്തിക്കുകയും സംസ്കരിക്കുകയുമായിരുന്നുവെന്ന് സോണി പറയുന്നു. അവിടെതന്നെയായിരുന്നു പിതാവിനും മക്കൾ അന്ത്യവിശ്രമം ഒരുക്കിയത്. മാതാപിതാക്കളുടെ സംസ്കാരത്തിന് ഗ്രാമവാസികളാരും തിരിച്ചുനോക്കിയില്ലെന്നും അവർ പറയുന്നു. പിന്നീട് പിതാവിന്‍റെ മൊബൈൽ ഫോണിലൂടെ എൻ.ജി.ഒ പ്രവർത്തകരെയും സാമൂഹിക പ്രവർത്തകരെയും വിളിച്ച് മൂവരും സഹായം അഭ്യർഥിക്കുകയായിരുന്നു. എന്നാൽ മാതാപിതാക്കളുടെ മരണശേഷം തങ്ങൾക്ക് സാമ്പത്തിക സഹായമായി കുറച്ചുപേർ ബാങ്കിൽ പണം നിക്ഷേപിച്ചുവെന്നും കുട്ടികൾ പറയുന്നു.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് മടങ്ങി ഗ്രാമത്തിലെത്തുന്നവർക്കാണ് കൂടുതലും കോവിഡ് സ്ഥിരീകരിക്കുന്നത്. ചിലർക്ക് മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തതുവഴിയും രോഗം കിട്ടി. അത്തരത്തിൽ ഊഹാപോഹങ്ങൾ നിലനിൽക്കുന്നതിനാലാണ് ആരും സഹായിക്കാൻ തയാറാകാത്തതെന്ന് ഗ്രാമത്തലവൻ സരോജ് മെഹ്ത പറയുന്നു.
സോണിയുടെ മാതാപിതാക്കളും അത്തരത്തിലൊരു മരണാനന്തര ചടങ്ങിൽ പെങ്കടുത്തിരുന്നു. ഏപ്രിൽ 16ന് പ്രിയങ്കയുടെ പിതാവ് മരിച്ചതോടെയായിരുന്നു. ഇതിൽ പങ്കെടുത്ത് ഒരാഴ്ചക്കുശേഷം ബിരേന്ദ്രക്ക് പനിയും ചുമയും തുടങ്ങി. ഏപ്രിൽ 27ന് അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായതോടെ പരിശോധനക്ക് വിധേയമാകുകയായിരുന്നു. മേയ് ഒന്നിന് രോഗം സ്ഥിരീകരിച്ചു. അതേസമയം തന്നെ പ്രിയങ്കക്കും കോവിഡ് പോസിറ്റീവായിരുന്നു. മേയ് അഞ്ചിന് മൂന്നു മക്കളും പരിശോധന നടത്തി, ഫലം നെഗറ്റീവായിരുന്നു.
പിതാവിന്‍റെ ആരോഗ്യനില മോശമായതിനാൽ ആദ്യം റാണിഗഞ്ചിലെ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് ഫോർബ്സഗഞ്ചിലേക്ക് പറഞ്ഞുവിട്ടു. അവിടെനിന്ന് പർണിയ സദറിേിക്കും. രണ്ടു ദിവസത്തിനുള്ളിൽ നിരവധി ആശുപത്രികൾ പിതാവിനെയുംകൊണ്ട് കയറിയിറങ്ങി. പ്രിയങ്കക്ക് അസുഖം മൂർച്ഛിച്ചതോടെ കുടുംബത്തിന്‍റെ സമ്പാദ്യവും തീർന്നിരുന്നു. ഇതോടെ അമ്മ തങ്ങളോട് മരിക്കുമെന്ന് പറഞ്ഞതായി 12കാരി പറയുന്നു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികൾക്ക് നാലുലക്ഷം രൂപ ബിഹാർ സർക്കാർ പ്രഖ്യാപിച്ചിരുന്നു. മാതാവിന്‍റെ മരണസർട്ടിഫിക്കറ്റിനൊപ്പം ജില്ല ഭരണകൂടം പണം നൽകിയതായും കുട്ടികൾ പറയുന്നു. പണം എത്ര ലഭിച്ചിട്ടും കാര്യമില്ല. തങ്ങളുടെ മാതാപിതാക്കൾക്ക് പകരമാകില്ല മറ്റൊന്നുവെന്നും കുട്ടികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.