ബംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ സ്വപ്നപദ്ധതിയായ 'ഗഗൻയാൻ' ദൗത്യം കോവിഡ് പശ്ചാത്തലത്തിൽ ഒരു വർഷം വൈകുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. ശിവൻ. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ദൗത്യത്തിനുള്ള പ്രവർത്തനങ്ങൾ വൈകിയതിനാൽ 2021 ഡിസംബറിൽ ബഹിരാകാശ യാത്രികരുമായി ജി.എസ്.എൽ.വി മാർക്ക് മൂന്ന് റോക്കറ്റിെൻറ വിക്ഷേപണം നടത്താനാകില്ല. അടുത്ത വർഷം അവസാനമോ തുടർന്നുള്ള വർഷമോ ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള റോബോട്ടുകളെ വഹിച്ചുകൊണ്ടുള്ള രണ്ടു പരീക്ഷണ വിക്ഷേപണം പൂർത്തിയാക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 2020 ഡിസംബറിലും 2021 ജൂണിലും പരീക്ഷണ വിക്ഷേപണവും 2021 ഡിസംബറിൽ മനുഷ്യനെ വഹിച്ചുള്ള വിക്ഷേപണവും നടത്താനായിരുന്നു നേരേത്ത ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഈ വർഷം ആദ്യത്തെ പരീക്ഷണ വിക്ഷേപണം നടക്കില്ല. വിക്ഷേപണത്തിെൻറ പുതിയ സമയക്രമം ഇപ്പോൾ നിശ്ചയിക്കാനാകില്ലെന്നും ലോകത്തെ ബഹിരാകാശ പ്രവർത്തനങ്ങൾ സാധാരണ നിലയിലായാലേ ഇക്കാര്യങ്ങൾ തീരുമാനിക്കാനാകൂവെന്നുമാണ് അധികൃതർ അറിയിക്കുന്നത്.
മഹാമാരിയെ തുടർന്ന് കഴിഞ്ഞ മാർച്ച് മുതലുണ്ടായ നിയന്ത്രണങ്ങൾ ഐ.എസ്.ആർ.ഒയുടെ വിവിധ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങളെ ബാധിച്ചിരുന്നുവെന്നും ഗഗൻയാൻ ദൗത്യത്തിനുള്ള കുറെയെറെ ജോലികൾ ബാക്കിയുണ്ടെന്നും ഇതിെൻറ കണക്ക് ആദ്യം എടുക്കേണ്ടതുണ്ടെന്നും ഡോ. കെ. ശിവൻ പറഞ്ഞു. ഗഗൻയാെൻറ പരീക്ഷണ വിക്ഷേപണം 2021ൽതന്നെ പൂർത്തിയാക്കാൻ ശ്രമിക്കും. ബഹിരാകാശ യാത്രികർക്കായി റഷ്യയിൽ നടക്കുന്ന പരിശീലനം അടുത്തവർഷം ഏപ്രിലോടെ പൂർത്തിയാകും.
തുടർന്ന് അവർക്ക് ഇന്ത്യയിൽ പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. 2022 ആഗസ്റ്റ് 15ന് ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. നിലവിലെ ഈ സാഹചര്യത്തിൽ 2021 അവസാനത്തോടെ പരീക്ഷണ വിക്ഷേപണങ്ങൾ പൂർത്തിയായാലും 2022 അവസാനത്തോടെയേ ഗഗൻയാൻ വിക്ഷേപണം നടക്കുകയുള്ളൂ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.