ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം ജൂലൈ നാലിന് തുടങ്ങിയതായി പ്രമുഖ ഭൗതിക ശാസ്ത്രജ്ഞൻ. ഹൈദരാബാദ് സർവകലാശാല മുൻ പ്രോ വൈസ് ചാൻസലറും ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്‍റെ മാതൃക കൃത്യമായി വിശകലനം ചെയ്യുകയും ചെയ്യുന്ന ഡോ. വിപിൻ ശ്രീവാസ്തവയാണ് ഇത് പറയുന്നത്.
465 ദിവസത്തെ കോവിഡ് കേസുകളും മരണങ്ങളും വിശകലനം ചെയ്ത് ഒരു മാതൃക തയാറാക്കിയ ഡോ. വിപിൻ കോവിഡ് രണ്ടാം തരംഗത്തിന്‍റെ ആരംഭമെന്ന് കരുതപ്പെടുന്ന ഫെബ്രുവരി ഒന്നാം വാരത്തിന് സമാനമാണ് ജൂലൈ നാലിലെ കോവിഡ് കണക്കുകളെന്നാണ് വ്യക്തമാക്കുന്നത്. കോവിഡ് കണക്കുകളിലും മരണനിരക്കിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടായതിന് ശേഷം പ്രതിദിന മരണനിരക്കിൽ വലിയ ഉയർച്ചയുണ്ടാകുന്നതായി അദ്ദേഹം പറഞ്ഞു.
'ഫെബ്രുവരി ആദ്യ വാരം പ്രതിദിന മരണ നിരക്കിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിരുന്നു. ദിവസം 100ൽ താഴെ ആളുകൾ മാത്രം മരിച്ചപ്പോൾ നാം മഹാമാരി അവസാനിച്ചുവെന്ന് കരുതി സന്തോഷിച്ചു. എന്നാൽ കാത്തിരുന്ന വിപത്ത് അതിലും ഭീകരമായിരുന്നു. ഇതേ സ്വഭാവത്തിലുള്ള കണക്കുകളാണ് ജൂലൈ നാല് മുതൽ തുടക്കമായിരിക്കുന്നത്'- ഡോ. വിപിൻ പറഞ്ഞു.
തിങ്കളാഴ്ച രാജ്യത്ത് 37,154 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 724 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പ്രതിദിന മരണനിരക്ക് നെഗറ്റീവായി തുടരാൻ വേണ്ടി കടുത്ത ജാഗ്രത തുടരണമെന്ന് അദ്ദേഹം അധികാരികളോടും ജനങ്ങളോടും അഭ്യർഥിച്ചു.
കോവിഡ് 19ന്‍റെ മൂന്നാംതരംഗം രാജ്യത്ത് ആസന്നമായതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. വൈറസിനെതിരായ ജാഗ്രത കൈവെടിയരുതെന്ന് അഭ്യർഥിച്ച ഡോക്ടർമാരുടെ സംഘടന, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ അധികൃതരും പൊതുജനങ്ങളും അലംഭാവം കാട്ടുന്നതിൽ ദു:ഖം പ്രകടിപ്പിച്ചു.
'മഹാമാരികളുടെ ചരിത്രവും ലഭ്യമായ തെളിവുകളും വെച്ച് നോക്കുമ്പോൾ കോവിഡിന്‍റെ മൂന്നാംതരംഗം ഒഴിവാക്കാനാകാത്തതാണ്. അത് തൊട്ടടുത്തെത്തിക്കഴിഞ്ഞു. എന്നാൽ രാജ്യത്തിന്‍റെ വിവിധ മേഖലകളിൽ സർക്കാർ അധികൃതരും പൊതുജനങ്ങളും അലംഭാവം കാട്ടുകയാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ ജനം ഒത്തുകൂടുകയാണ്. ഇത് ഏറെ ദു:ഖകരമാണ്' -ഐ.എം.എ പ്രസ്താവനയിൽ പറഞ്ഞു.
വിനോദ സഞ്ചാരം, തീർഥാടനം, മതപരമായ ആഘോഷങ്ങൾ എന്നിവയെല്ലാം ആവശ്യമാണെങ്കിലും നാം ഏതാനും മാസം കൂടി കാത്തുനിൽക്കേണ്ടതുണ്ട്. ഇത്തരം ആൾക്കൂട്ടങ്ങളുണ്ടാകുന്നതും വാക്സിനെടുക്കാതെ ആളുകൾ പങ്കെടുക്കുന്നതും ഇവയെ കോവിഡിന്‍റെ സൂപ്പർ പകർച്ചാ കേന്ദ്രങ്ങളാക്കി മാറ്റും.
ആൾക്കൂട്ടങ്ങളുണ്ടാക്കുന്ന സാമ്പത്തിക വരുമാനത്തേക്കാൾ കൂടുതൽ കോവിഡ് രോഗികളുടെ ചികിത്സക്കായി ചെലവിടേണ്ടിവരും. കഴിഞ്ഞ ഒന്നരവർഷത്തിന്‍റെ അനുഭവം വിലയിരുത്തിയാൽ, വാക്സിനേഷനിലൂടെയും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിലൂടെയും മാത്രമേ മൂന്നാംതരംഗത്തെ പ്രതിരോധിക്കാനാകൂവെന്നും ഐ.എം.എ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.