ഡൽഹിയിൽ കോവിഡ്​ ചികിത്സ സ്വദേശികൾക്ക്​​ മാത്രമായി നിജപ്പെടുത്തണമെന്ന്​ വിദഗ്​ധ സമിതി

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് 19 ചികിത്സ ഡൽഹി നിവാസികൾക്ക് മാത്രമായി നിജപ്പെടുത്തണമെന്ന ശിപാർശയുമായി സർക്കാർ നിയോഗിച്ച ഡോക്ടർമാരുടെ സമിതി. രാജ്യ തലസ്ഥാനത്ത്​ കോവിഡ് കേസുകൾ അനിയന്ത്രിതമായി വർധിച്ചതിനെയും ചികിത്സ ലഭിക്കാതെ രോഗികൾ മരിക്കുന്നതായ പരാതി ഉയർന്നതിനെയും തുടർന്നാണ്​ ചികിത്സാ സൗകര്യങ്ങൾ വിലയിരുത്തി പോരായ്മകൾ നികത്താൻ ഡോ. മഹേഷ് വർമ്മ തലവനായ അഞ്ചംഗ ഡോക്ടർമാരുടെ സമിതിക്ക് കെജ്​രിവാൾ സർക്കാർ രൂപം നൽകിയത്. 

ഡൽഹിയിലെ ചികിത്സാ സൗകര്യങ്ങൾ ഡൽഹി നിവാസികൾക്ക് മാത്രമായി നിജപ്പെടുത്തണമെന്നാണ്​ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ സമിതിയുടെ പ്രധാന നിർദേശം. അങ്ങനെ ചെയ്​തിട്ടില്ലെങ്കിൽ മൂന്ന് ദിവസം കൊണ്ട് ആശുപത്രികൾ നിറയുമെന്നും റിപ്പോർട്ടിലുണ്ട്​. റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള അന്തിമ തീരുമാനം സർക്കാർ വൈകാതെ സ്വീകരിക്കുമെന്നാണ്​ സൂചന. 

അതേസമയം, കോവിഡ്​ ​രോഗലക്ഷണങ്ങളുമായെത്തുന്ന ആരെയും ആശുപത്രിയിൽ നിന്ന്​ തിരിച്ചയക്കില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഇക്കാര്യത്തിൽ ചില ആശുപത്രികൾക്ക്​ വീഴ്​ച സംഭവിച്ചിരിക്കാം, ഇത്​ വെച്ചുപൊറുപ്പിക്കില്ലെന്നും കെജ്​രിവാൾ പറഞ്ഞു. രാജ്യ തലസ്ഥാനത്ത്​ രോഗികൾക്ക്​ ശരിയായ പരിചരണം ലഭിക്കുന്നില്ലെന്ന വിമർശനങ്ങളോട്​ പ്രതികരിക്കുകയായിരുന്നു​ കെജ്​രിവാൾ.

അതിനിടെ ഡൽഹി അതിർത്തിയിലെ ഗ്രേറ്റർ നോയ്ഡയിൽ ഗർഭിണി ചികിത്സ ലഭിക്കാതെ മരിച്ചതും വിവാദമായി. കിടക്കയില്ലെന്ന് പറഞ്ഞ്​ എട്ട് ആശുപത്രികളിൽ നിന്ന് ചികിത്സ നിഷേധിച്ചെന്ന്​ ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ആംബുലൻസിൽ 13 മണിക്കൂറോളം ചെലവഴിച്ചതിന്​ ശേഷമാണ്​ ഗർഭിണി മരിച്ചത്​. സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്​.
 

Tags:    
News Summary - covid treatment only for delhi people-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.