ഭുവനേശ്വർ: രാജ്യത്ത് എല്ലാവർക്കും ആദ്യഡോസ് വാക്സിൻ നൽകിയ ആദ്യ നഗരമായി ഒഡീഷയിലെ ഭുവനേശ്വർ. സ്ഥിര താമസക്കാരെ കൂടാതെ ഒരു ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികൾക്കും വാക്സിെൻറ ആദ്യ ഡോസ് നൽകി ഇവിടെ.
'കോവിഡ് 19 പ്രതിരോധ വാക്സിൻ നഗരത്തിലെ 100 ശതമാനം പേരും സ്വീകരിച്ചു. ഇത് കൂടാതെ, കുടിയേറ്റ തൊഴിലാളികളായ ഒരു ലക്ഷം പേർക്കും വാക്സിൻ നൽകി' -ഭുവനേശ്വർ മുനിസിപ്പൽ കോർപറേഷൻ ഡെപ്യൂട്ടി കമീഷണർ അൻഷുമൻ രാത്ത് പറയുന്നു.
ജൂലൈ 31നകം എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അധികൃതരുടെ പ്രവർത്തനം. എല്ലാവർക്കും ആദ്യ ഡോസ് നൽകിയതിനൊപ്പം 9,07,000 പേർക്ക് രണ്ടാംഘട്ട വാക്സിനും നൽകിയതായി അധികൃതർ പറയുന്നു. ജൂലൈ 30 വരെ 18,35,000 ഡോസ് വാക്സിൻ വിതരണം ചെയ്തു.
നഗരത്തിൽ മാത്രം 55 സെൻററുകളിലായിരുന്നു വാക്സിൻ വിതരണം. അതിൽ 30 എണ്ണം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കമ്യൂണിറ്റി സെൻററുകളിലുമായിരുന്നു ഒരുക്കിയിരുന്നത്. വാഹനങ്ങളിലായി 10 വാക്സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കി. കൂടാതെ സ്കൂളുകളിൽ 15 എണ്ണം തയാറാക്കി ഭിന്നശേഷിക്കാർക്കും മുതിർന്നവർക്കും സൗകര്യമൊരുക്കി.
മടികൂടാതെ വാക്സിൻ സ്വീകരിക്കാൻ തയാറായ എല്ലാവർക്കും നന്ദി രേഖെപ്പടുത്തുന്നതായും ഡെപ്യൂട്ടി കമീഷണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.