50 വയസ്സിനു മുകളിലുള്ളവർക്ക്​ കോവിഡ്​ വാക്​സിനേഷൻ മാർച്ചിൽ തുടങ്ങും


ന്യൂഡൽഹി: 50 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക്​ രാജ്യത്ത്​ മാർച്ച്​ മാസം മുതൽ കുത്തിവെപ്പ്​ ആരംഭിക്കുമെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ. 27 കോടി പേരാണ്​ മൊത്തം ഈ വിഭാഗത്തിൽ കുത്തിവെപ്പിന്​ വിധേയരാകുക.

ജനുവരി 16ന്​ ആരംഭിച്ച വാക്​സിനേഷൻ ഇതുവരെ 50 ലക്ഷം പേ​രിൽ പൂർത്തിയായതായി മന്ത്രി അറിയിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവർത്തകർക്ക്​ കുത്തിവെപ്പ്​ നൽകുകയായിരുന്നു ഒന്നാം ഘട്ടത്തിൽ ലക്ഷ്യം. അതുകഴിഞ്ഞ്​ രണ്ടു കോടി സന്നദ്ധ പ്രവർത്തകർക്ക്​ വാക്​സിൻ നൽകും. ഒന്നാം ഘട്ടം പൂർത്തിയാക്കിയ സംസ്​ഥാനങ്ങൾ രണ്ടാം ഘട്ടമായ സന്നദ്ധ പ്രവർത്തകർക്ക്​ വാക്​സിൻ നൽകി തുടങ്ങിയിട്ടുണ്ട്​. അതും പൂർത്തിയാകുന്ന മുറക്ക്​ മാർച്ച്​ മാസത്തിൽ മുതിർന്ന പൗരൻമാർക്ക്​ നൽകാനാകുമെന്നാണ്​ കരുതുന്നത്​. തീയതി നിശ്​ചയിച്ചിട്ടില്ല.

രാജ്യത്ത്​ നിർമാണം സജീവമായ കോവിഡ്​ വാക്​സിനുകൾക്ക്​ ഇതുവരെ 22 രാജ്യങ്ങൾ ആവശ്യവുമായി രംഗത്തെത്തിയതായി മന്ത്രി പറഞ്ഞു. അഫ്​ഗാനിസ്​താൻ, ബംഗ്ലദേശ്​, ഭൂട്ടാൻ, മൗറീഷ്യസ്​, ശ്രീലങ്ക, യു.എ.ഇ, മാലദീപുകൾ, മൊറോക്കൊ, ബഹ്​റൈൻ, ഒമാൻ, ഈജിപ്​ത്​, അൾജീരിയ, കുവൈത്ത്​, ദക്ഷിണാഫ്രിക്ക എന്നിവ ഉൾപെടെയാണ്​ ഇതുവരെ ഇന്ത്യയെ സമീപിച്ച രാജ്യങ്ങൾ. 13 രാജ്യങ്ങൾക്ക്​ ഇതിനകം വാക്​സിൻ നൽകാനായിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.