ന്യൂഡൽഹി: കോവിഡ് വാക്സിൻ സംബന്ധിച്ച കിംവദന്തികൾക്ക് ജനങ്ങൾ ചെവി കൊടുക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർധൻ. വാക്സിനുകളുടെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കലാണ് കേന്ദ്ര സർക്കാറിന്‍റെ മുൻഗണന. പോളിയോ രോഗ പ്രതിരോധ സമയത്തും വാക്സിനെ കുറിച്ച് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ രാജ്യം പോളിയോ മുക്തമാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളിലും കോവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായുള്ള ട്രയൽ റൺ നടന്നു. കുത്തിവെപ്പ് ഒഴികെയുള്ള മുഴുവൻ നടപടിക്രമങ്ങളും ട്രയൽ റണിന്‍റെ ഭാഗമായി നടത്തി. മാർഗനിർദേശ പ്രകാരമുള്ള നടപടികൾ പൂർത്തിയായോ എന്ന് വിശകലനം ചെയ്യുമെന്നും ഹർഷവർധൻ മാധ്യമങ്ങളോട് പറഞ്ഞു.
'കോവിഷീൽഡ്' വാക്സിന്റെ അടിയന്തര ഉപയോഗത്തിന് വെള്ളിയാഴ്ച ചേർന്ന കേന്ദ്ര മരുന്ന് നിലവാര നിയന്ത്രണ സ്ഥാപനം (സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ) ശിപാർശ ചെയ്തിരുന്നു. അടുത്താഴ്ച തന്നെ രാജ്യത്ത് വാക്സിൻ വിതരണം തുടങ്ങിയേക്കും. കോവിഡിനെതിരായ പോരാട്ടത്തെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുന്നതാണ് സമിതിയുടെ നിർണായക തീരുമാനം.
ഇന്ത്യയിൽ പുണെ ആസ്ഥാനമായുള്ള സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് കോവിഷീൽഡ് വാക്സിൽ നിർമിക്കുന്നത്. അഞ്ചുകോടി ഡോസ് വാക്സിൻ ഇതിനകം സംഭരിച്ചു കഴിഞ്ഞതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദർ പൂനവാല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐ.സി.എം.ആർ) ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ച വാക്സിനും രാജ്യം ഉടൻ അനുമതി നൽകിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.