ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 300ലേറെ പേർക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2550 ആയി. ഇവരിൽ 55 പേർ വിദേശികളാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 89 ആയി. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് പുതിയ മരണം.
സൂറത്തിൽ 54,000 പേരെ നിരീക്ഷണത്തിലാക്കി. തുണിയലക്കുന്ന കടയുടെ നടത്തിപ്പുകാരന് രോഗം സ്ഥിരീകരിച്ചതിനെതുടർന്നാണ് ഇവിടെ വസ്ത്രം അലക്കാൻ നൽകിയ പ്രദേശവാസികളെ നിരീക്ഷണത്തിലാക്കിയത്.
ആഗോളതലത്തിലും കോവിഡ് 19 അതിവേഗം പടർന്നു പിടിക്കുകയാണ്. കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 45,000 കടന്നതായാണ് റിപ്പോർട്ട്. 10 ലക്ഷം ആളുകൾക്ക് ഇതുവരെ രോഗം ബാധിച്ചിട്ടുണ്ട്. സ്പെയിൻ, അമേരിക്ക, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെല്ലാം സ്ഥിതി അതീവ ഗുരുതരമാണ്.
മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച മരിച്ചത് അഞ്ചുപേർ
വെള്ളിയാഴ്ച മഹാരാഷ്ട്രയിൽ അഞ്ച് കോവിഡ് രോഗികളാണ് മരിച്ചത്. വിജയവാഡയിൽ 55കാരൻ മരിച്ചു. ഡൽഹി തബ്ലീഗ് ആസ്ഥാനത്തുനിന്ന് തിരിച്ചെത്തിയ മകനിൽനിന്നാണ് ഇദ്ദേഹത്തിന് രോഗം പടർന്നത്. രോഗം സ്ഥിരീകരിച്ച മകൻ ചികിത്സയിലാണ്. ഗുജറാത്ത് വഡോദരയിൽ 78കാരനാണ് മരിച്ചത്. ഹിമാചൽ പ്രദേശ് സ്വദേശിനി ചണ്ഡിഗഢിലെ ആശുപത്രിയിൽ മരിച്ചു. മധ്യപ്രദേശിൽ ആരോഗ്യവകുപ്പിലെ ഐ.എ.എസ് ഓഫിസർക്ക് രോഗം സ്ഥിരീകരിച്ചു.
കർണാടകയിൽ കോവിഡ് മരണം നാലായി
ബംഗളൂരു: കർണാടകയിൽ കോവിഡ് മരണം നാലായി. വെള്ളിയാഴ്ച രാത്രി വൈകി ബാഗൽകോട്ടിൽ 75കാരനാണ് കോവിഡ് ബാധിച്ച് മരിച്ചത്. വിദേശയാത്ര നടത്തിയിട്ടില്ലാത്ത ഇയാൾക്ക് എങ്ങനെയാണ് കോവിഡ് വന്നതെന്ന് വ്യക്തമല്ല. ഇയാളുമായി അടുത്ത സമ്പർക്കം പുലർത്തിയ കുടുംബക്കാരുടെ സാമ്പിൾ പരിശോധന നടത്തിയെങ്കിലും അവർക്കെല്ലാം നെഗറ്റീവ് ആയിരുന്നു. ഇക്കഴിഞ്ഞ മാർച്ച് 31നാണ് ഇയാളെ അസുഖബാധിതനായി ബാഗൽകോട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് രോഗ ലക്ഷണങ്ങൾ കാണിച്ചിരുന്നതിനാൽ നേരത്തെ തന്നെ ഇയാൾ ഐസൊലേഷനിലായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ അസുഖം മുർച്ഛിക്കുകയായിരുന്നു. നേരത്തെ കലബുറഗിയിൽ 75കാരനും തുമകുരുവിൽ 65കാരനും ചിക്കബെല്ലാപുര ഗൗരിബിദനൂർ സ്വദേശിനിയായ 64 കാരിയും കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
അമ്മക്കും നവജാത ശിശുവിനും കോവിഡില്ലെന്ന് പുതിയ റിപ്പോർട്ട്
മുംബൈ: കോവിഡ് ബാധിച്ചയാളെ കിടത്തിയ അതേ ബെഡിൽ കിടത്തി ചികിത്സിച്ചതിനെ തുടർന്ന് രോഗം പകർന്ന നവജാത ശിശുവിനും അമ്മക്കും രണ്ടാം പരിശോധനയിൽ രോഗമില്ല. ചൊവ്വാഴ്ച സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലായിരുന്നു ഇരുവർക്കും കോവിഡ് ബാധിച്ചതായി റിപ്പോർട്ട് വന്നത്. ഡോക്ടർ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു പരിശോധനക്ക് വിധേയമായത്. എന്നാൽ, കസ്തൂർബ ആശുപത്രിയിൽ നടത്തിയ പരിശോധനാ റിപ്പോർട്ട് ഇരുവർക്കും രോഗമില്ലെന്ന് വ്യക്തമാക്കുന്നു. വ്യാഴാഴ്ച വൈകീട്ടാണ് റിപ്പോർട്ട് ലഭിച്ചത്. നഗരത്തിലെ ചെമ്പൂരിലുള്ള സായ് ഹോസ്പിറ്റലിൽ മാർച്ച് 26ന് പ്രസവിച്ച ശേഷം 26കാരിയായ അമ്മയെയും കുഞ്ഞിനെയും കോവിഡ് ബാധിച്ചയാളെ ചികിത്സിച്ച ബെഡിൽ കിടത്തിയെന്നായിരുന്നു ആരോപണം. പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും സഹായം അഭ്യർഥിക്കുന്ന യുവതിയുടെ ഭർത്താവിെൻറ വിഡിയോ വൈറലാവുകയായിരുന്നു.
തമിഴ്നാട്ടിൽ രോഗബാധിതർ 411
ചെന്നൈ: തമിഴ്നാട്ടിൽ വെള്ളിയാഴ്ച 102 പേർക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 100 പേർ ഡൽഹി തബ്ലീഗ് സമ്മേളനത്തിൽ പെങ്കടുത്ത് മടങ്ങിയവരാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ്ബാധിതരുടെ മൊത്തം എണ്ണം 411 ആയി.
364 പേർ ഡൽഹി സമ്മേളനത്തിൽ പെങ്കടുത്ത് നാട്ടിലേക്ക് തിരിച്ചെത്തിയവരാണെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ബീല രാജേഷ് അറിയിച്ചു. തമിഴ്നാട്ടിൽനിന്ന് മൊത്തം 1,200ൽപരം പ്രതിനിധികളാണ് ഡൽഹി സമ്മേളനത്തിൽ പെങ്കടുത്തിരുന്നത്.
അതിനിടെ, ചെന്നൈ സ്റ്റാൻലി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് രോഗികൾക്ക് മരുന്നും ഭക്ഷണവും നൽകുന്നതിന് പരീക്ഷണാടിസ്ഥാനത്തിൽ റൊബോട്ടിക് സംവിധാനമേർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.