ന്യൂഡൽഹി: കോവിഡ് വാക്സിനുകളായ കോവിഷീൽഡും കോവാക്സിനും കൊറോണ വൈറസിന്‍റെ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കാൻ ഏറെ ഫലപ്രദമാണെന്ന് കേന്ദ്ര സർക്കാർ. ഡെൽറ്റ പ്ലസ് വകഭേദത്തിന് എതിരായ ഇവയുടെ പ്രതിരോധശേഷി സംബന്ധിച്ച പരിശോധനകൾ പുരോഗമിക്കുകയാണെന്നും ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞു.
വിവിധ വകഭേദങ്ങളെ നിർവീര്യമാക്കുന്നതിനുള്ള വാക്സിനുകളുടെ കഴിവ് സംബന്ധിച്ച ആഗോള പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കോവാക്സിനും കോവിഷീൽഡും ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കാൻ ഏറെ ഫലപ്രദമാണെന്ന നിഗമനത്തിലെത്തിയത്. ആൽഫ വകഭേദത്തെ നേരിടുേമ്പാൾ കോവാക്സിന്റെ പ്രതിരോധശേഷിക്ക് വലിയ കുറവുകളൊന്നും സംഭവിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. വിവിധ വകഭേദങ്ങളെ നേരിടുന്നതിൽ മറ്റ് വാക്സിനുകളെ അപേക്ഷിച്ച് കോവിഷീൽഡിന്‍റെയും കോവാക്സിന്റെയും പ്രതിരോധശേഷി മികച്ചതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആൽഫ വകഭേദത്തെ നേരിടാൻ കോവിഷീൽഡാണ് ഫലപ്രദമെങ്കിൽ ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കുന്നതിന് കോവാക്സിൻ ആണ് കുറച്ചുകൂടി നല്ലത്. അങ്ങിനെ കോവിഷീൽഡിന്‍റെയും കോവാക്സിന്റെയും പ്രതിരോധ ശേഷി ഓരോ വകഭേദങ്ങളുടെ കാര്യത്തിലും മാറിമാറി വരും. എങ്കിലും ഫൈസറും മോഡേണയുമായി താരതമ്യപ്പെടുത്തുേമ്പാൾ കൊറോണ വൈറസിന്‍റെ എല്ലാ വകഭേദങ്ങളെയും പ്രതിരോധിക്കുന്നതിൽ ഇരു വാക്സിനുകളും വളരെ മുന്നിലാണെന്ന് ബൽറാം ഭാർഗവ ചൂണ്ടിക്കാട്ടി.
നിലവിൽ 12 രാജ്യങ്ങളിലാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി 55ൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഡെൽറ്റ പ്ലസ് വകഭേദത്തെ ഏത് വാക്സിനാണ് കൂടുതൽ ഫലപ്രദമായി പ്രതിരോധിക്കുന്നതെന്ന് സംബന്ധിച്ച ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്. പത്ത് ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഡെൽറ്റ വകഭേദം ലോകത്ത് കണ്ടെത്തുന്നത്. ഫെബ്രുവരിയിൽ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളിൽ 60 ശതമാനത്തിന്‍റെയും കാരണം ഡെൽറ്റ വകഭേദമായിരുന്നു. ഇപ്പോൾ ഡെൽറ്റ പ്ലസ് വകഭേദം അൽപം സങ്കീർണതയുള്ളതായാണ് വിലയിരുത്തപ്പെടുന്നത്. ഡെൽറ്റ വകഭേദങ്ങളുടെ 25 ശതമാനവും കണ്ടെത്തിയിരിക്കുന്നത് ഇന്ത്യയടക്കം 17 രാജ്യങ്ങളിലാണ്. ആസ്ത്രേലിയ, ബഹ്റൈൻ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഇസ്രയേൽ, ജപ്പാൻ, കെനിയ, മ്യാൻമർ, പെറു, പോർചുഗൽ, റഷ്യ, സിങ്കപൂർ, ദക്ഷിണ കൊറിയ, ബ്രിട്ടൺ, അമേരിക്ക എന്നിവയാണ് മറ്റ് രാജ്യങ്ങൾ.
കോവിഡിന്‍റെ രണ്ടാം തരംഗം ഇന്ത്യയിൽ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 92 ജില്ലകൾ അഞ്ച് ശതമാനത്തിനും 10 ശതമാനത്തിനും ഇടയിലും 565 ജില്ലകൾ അഞ്ച് ശതമാനത്തിൽ താഴെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നേടിയെങ്കിലും ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും രണ്ടാം തരംഗത്തിന്‍റെ പിടിയിൽ നിന്ന് മോചിതമായിട്ടില്ല. രോഗവ്യാപനം കുറഞ്ഞ ജില്ലകൾ ജാഗ്രത പാലിച്ചില്ലെങ്കിൽ മൂന്നാം തരംഗത്തിന്‍റെ ഭീഷണി നേരിടേണ്ടതായും വരും. ആൾക്കൂട്ടം ഒഴിവാക്കിയും സ്ഥിരമായും നേരായ വിധത്തിലും മാസ്ക് ധരിച്ചും വ്യക്തിശുചിത്വം പാലിച്ചുമൊക്കെ ജാഗ്രത തുടരേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.