ന്യൂഡൽഹി: രാജ്യത്ത് ആഗോളതലത്തിൽ ഏറ്റവും ഉയർന്ന വിലയെന്ന വിമർശനത്തിനിടെ കോവിഷീൽഡ് ഡോസിന് പേരിന് വില കുറച്ച് ഇന്ത്യയിലെ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട്. സർക്കാർ ആശുപത്രികൾക്ക് 100 രൂപ കുറച്ച് ഡോസിന് 300 രൂപയാണ് പുതിയ വില. സ്വകാര്യ ആശുപത്രിക്കൾക്ക് ലോകത്തെ തന്നെ ഏറ്റവും ഉയർന്ന വിലയായി നേരത്തെ നിശ്ചയിച്ച 600 രൂപ നൽകേണ്ടി വരും. സർക്കാർ ആശുപത്രികൾക്ക് വിലകുറച്ചെങ്കിലും കേന്ദ്രത്തിന് നൽകുന്നതിെൻറ ഇരട്ടി വില സംസ്ഥാനങ്ങൾ നൽകേണ്ടി വരും. 150 രൂപക്കാണ് കേന്ദ്രസർക്കാർ ഒരു ഡോസ് വാങ്ങുന്നത്.
സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മാനുഷികപരമായ സമീപനം എന്നായിരുന്നു 100 രൂപ കുറച്ചത് അറിയിച്ചുകൊണ്ടുള്ള ട്വീറ്റിൽ കമ്പനി സി.ഇ.ഒ അഡാർ പൂനവാല കുറിച്ചത്. ഇത് ഉടൻതന്നെ നടപ്പാക്കുമെന്നും സംസ്ഥാനങ്ങൾക്ക് ആയിരക്കണക്കിന് കോടി ലാഭിക്കാനുതകുമെന്നും പൂനവാല പറഞ്ഞു. ഇന്ത്യൻ നിർമിത വാക്സിന് ഉയർന്ന വില നിശ്ചയിച്ചത് പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉന്നയിച്ചിരുന്നു. കമ്പനികൾ തോന്നിയ വില നിശ്ചിയിച്ചത് സുപ്രീംകോടതിയും വിമർശിച്ചിരുന്നു.
സൗദി അറേബ്യക്കും ദക്ഷിണാഫ്രിക്കക്കും 393 രൂപക്കാണ് ഒരു ഡോസ് കോവിഷീൽഡ് ലഭിക്കുന്നത്. ബംഗ്ലാദേശിന് നൽകുന്നത് 300 രൂപക്കും. ബ്രസീലിന് 263 രൂപക്കാണ് നൽകുന്നത്. ആസ്ട്രസെനക യു.എസിന് ഒരു ഡോസ് 300 രൂപക്കും യു.കെക്ക് 224 രൂപക്കും യൂറോപ്യൻ യൂനിയന് 262 രൂപക്കുമാണ് നൽകുന്നത്. ഇതാണ് ഇന്ത്യയിൽ സ്വകാര്യ ആശുപത്രിക്ക് 600 രൂപക്കും സർക്കാർ ആശുപത്രിയിൽ 300 രൂപക്കും നൽകുന്നത്. കേന്ദ്രം നൽകുന്ന സൗജന്യ വാക്സിൻ 45 വയസ്സിനു താഴെ ഉള്ളവർക്ക് നൽകരുതെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മേയ് ഒന്നു മുതൽ 18 വയസ്സിനു മുകളിലുള്ളവർക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ബുധനാഴ്ച ആരംഭിച്ചു. കോടിക്കണക്കിന് ആളുകൾ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ കൂടുതൽ പേരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.