ന്യൂഡൽഹി: മൊബൈൽ ഹാൻഡ്സെറ്റുകളിൽ നിന്നുള്ള റേഡിയേഷനെ പ്രതിരോധിക്കാൻ ചാണകം കൊണ്ടുള്ള പ്രത്യേക ചിപ്പ് അവതരിപ്പിച്ച് രാഷ്ട്രീയ കാമേധനു ആയോഗ് ചെയർമാൻ വല്ലഭായ് കഥിരിയ. 'ഗോസത്വ കവച്' എന്ന പേരിലുള്ള ചിപ്പ് റേഡിയേഷനെ ചെറുക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നാണ് കാമധേനു ആയോഗ് ചെയർമാെൻറ അവകാശവവാദം.
ചാണക ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായായി 'കാമധേനു ദീപാവലി അഭിയാൻ' പ്രചരണത്തിെൻറ ഭാഗമായി ഡൽഹിയിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് ഗോസത്വ കവച് വല്ലഭായ് കഥിരിയ പ്രദർശിപ്പിച്ചത്. മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷനെ ചാണക ചിപ്പ് പ്രതിരോധിക്കും. റേഡിയേഷൻ മൂലമുണ്ടാകുന്ന രോഗങ്ങൾ അകറ്റാൻ ഈ ചാണക ചിപ്പ് ഫോണുകളിൽ ഉപയോഗിക്കണമെന്നും കഥിരിയ വ്യക്തമാക്കി. രാജ്കോട്ടിലെ ശ്രീജി ഗോശാലയാണ് 'ഗോസത്വ കവച്' ചിപ്പ് വികസിപ്പിച്ചത്.
ചാണകം എല്ലാവരെയും സംരക്ഷിക്കും. റേഡിയേഷനെ പ്രതിരോധിക്കും. ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. വീടുകളിൽ ചാണകം കൊണ്ടുള്ള ഉൽപന്നങ്ങൾ സൂക്ഷിച്ചാൽ ആളുകളെ അവ റേഡിയേഷൻ ഏൽക്കാതെ സംരക്ഷിക്കുമെന്നും കഥിരിയ കൂട്ടിച്ചേർത്തു.
ദീപാവലിക്ക് വീടുകളിൽ ചൈനയിൽ നിന്നുള്ള ദീപങ്ങൾ ഉപയോഗിക്കരുതെന്നും കഥിരിയ ആവശ്യെപ്പട്ടു. ചാണകം കൊണ്ടുള്ള ദീപങ്ങളും സ്വദേശി ഉൽപന്നങ്ങളും ഉപയോഗിക്കണമെന്നും അത് 'മെയ്ക്ക് ഇൻ ഇന്ത്യ' ആശയത്തിന് കൂടുതൽ ശക്തിപടരുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര മൃഗസംരക്ഷണ ക്ഷീരകർഷക വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് രാഷ്ട്രീയ കാമധേനു ആയോഗ്. പശുക്കളുടെ സംരക്ഷണത്തിനും സുരക്ഷക്കും വികസനത്തിനുമായി 2019ലാണ് രാഷ്ട്രീയ കാമധേനു ആയോഗിന് രൂപം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.