നാഗ്പൂർ: യഥാർഥ ഗോ രക്ഷകർക്ക് സമുഹത്തിൽ ഏറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭഗവത്. ഗോക്കളെ പരിപാലിക്കുന്നവരും സ്വയം ഗോരക്ഷകരെന്ന് ചമയുന്നവരും തമ്മിൽ വ്യത്യാസമുണ്ടെന്നും ദസറ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ആർ.എസ്.എസ് ദേശീയ പരേഡിൽ അദ്ദേഹം പറഞ്ഞു.
ഹിന്ദുമതത്തിൽ ഗോക്കൾ പൂജിതരാണെന്ന് പറയപ്പെടുന്നു. നിയമപ്രകാരം ഗോക്കളെ സംരക്ഷിക്കുന്നവർ സുപ്രധാന പങ്കാണുള്ളത്. ഗോരക്ഷകരെന്ന വ്യാജേന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർ ജാതി മത വിദ്വേഷങ്ങൾ പടർത്തുന്ന സംഭവമാണ് ഗുജറാത്തിലെ ഉനയിലും മറ്റും നടന്നതെന്നും ഭഗവത് പറഞ്ഞു.
ഉനയിൽ ഗോരക്ഷകർ നിയമം കൈയ്യിലെടുത്തതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് യഥാർഥ ഗോ രക്ഷകരും സ്വയം പ്രഖ്യാപിത ഗോപാലകരും തമ്മിൽ വ്യത്യാസമുണ്ടെന്ന് ഭഗവത് അടിവരയിട്ടത്.
പശുക്കളെ കൊല്ലുന്നത് നിയമവിരുദ്ധമാണ്. എന്നാൽ കോൺഗ്രസ് ഭരണത്തിനു കീഴിൽ മുസ്ലിംകളുടെയും താഴ്ന്ന ജാതിക്കാരുടെയും അവകാശം സംരക്ഷിക്കാനെന്ന പേരിൽ ഇത് അനുവദിച്ചിരുന്നുവെന്നും മോഹൻ ഭഗവത് പറഞ്ഞു.
പാക് അധിനിവേശ കശ്മീരിൽ ഇന്ത്യൻ സേന നടത്തിയ മിന്നലാക്രമണത്തെ ഭഗ്വത് അഭിനന്ദിച്ചു. ഗിൽജിത്തും ബാൾട്ടിസ്താനുമുൾപ്പെടെയുള്ള മുഴുവൻ കശ്മീരും ഇന്ത്യയുടെ പ്രധാനഭാഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.