ആപ് നേതൃത്വത്തിൽ അഴിച്ചുപണി: ഡൽഹിയിൽ സൗരഭ് ഭരദ്വാജിനും പഞ്ചാബിൽ സിസോദിയക്കും ചുമതല
സൗരഭ് ഭരദ്വാജ്, മനീഷ് സിസോദിയ

ആപ് നേതൃത്വത്തിൽ അഴിച്ചുപണി: ഡൽഹിയിൽ സൗരഭ് ഭരദ്വാജിനും പഞ്ചാബിൽ സിസോദിയക്കും ചുമതല

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോൽവിക്കു പിന്നാലെ നേതൃനിരയിൽ അഴിച്ചുപണിയുമായി ആം ആദ്മി പാർട്ടി. മുൻമന്ത്രി സൗരഭ് ഭരദ്വാജിനെ ഡൽഹി യൂണിറ്റ് പ്രസിഡന്റായി നിയമിച്ചു. ഇതുവരെ ഗോപാൽ റായ് വഹിച്ചിരുന്ന പദവിയാണിത്. ഗ്രേറ്റർ കൈലാഷ് മണ്ഡലത്തിൽനിന്ന് മൂന്നുതവണ എം.എൽ.എ ആയ സൗരഭ് ഭരദ്വാജ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയോട് തോൽവി ഏറ്റുവാങ്ങിയിരുന്നു. വെള്ളിയാഴ്ച പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ ചേർന്ന പാർലമെന്ററി കാര്യ സമിതി യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ.

ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പാർട്ടിയുടെ പഞ്ചാബ് യൂണിറ്റിന്റെ അധ്യക്ഷനായി നിയമിച്ചു. സംഘടനാ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുക, കേന്ദ്ര നേതൃത്വം നിശ്ചയിച്ച ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിൽ സംസ്ഥാന കൺവീനറെയും ഭാരവാഹികളെയും സഹായിക്കുക തുടങ്ങിയ കാര്യങ്ങളായിരിക്കും പഞ്ചാബിൽ സിസോദിയയുടെ ചുമതല. ഒപ്പം എഎപിയുടെ വാഗ്ദാനങ്ങളും പഞ്ചാബ് സർക്കാരിന്റെ അജണ്ടകളും നടപ്പിലാക്കുന്നുണ്ടോയെന്നും സിസോദിയ പരിശോധിക്കും.

ഗോപാൽ റായിക്കും പങ്കജ് ഗുപ്തക്കും യഥാക്രമം ഗുജറാത്തിന്റെയും ഗോവയുടെയും ചുമതലകൾ നൽകി. ജമ്മു കശ്മീരിൽ പാർട്ടിയുടെ ചുമതല മഹാരാജ് മാലിക്കിനാണ്. പഞ്ചാബിൽനിന്നുള്ള രാജ്യസഭാംഗം സന്ദീപ് പഥകിന് ഛത്തീസ്ഗഡിന്റെ ചുമതല നൽകി. നാല് സംസ്ഥാനങ്ങളിൽ ഉപാധ്യക്ഷന്മാരെയും നിയമിച്ചു.

ഡൽഹിയിൽ തോറ്റതോടെ ആപ് ഭരണത്തിലുള്ള സംസ്ഥാനം പഞ്ചാബ് മാത്രമായി ചുരുങ്ങി. ഫെബ്രുവരിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 27 വർഷത്തിന് ശേഷമാണ് ബി.ജെ.പി ഡൽഹിയിൽ ഭരണം പിടിച്ചെടുത്തത്. 70 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 48 സീറ്റുകളാണ് ബി.ജെ.പി നേടിയത്. ഭരണകക്ഷിയായിരുന്ന എ.എ.പിക്ക് 22 സീറ്റുകളിലാണ് വിജയിക്കാൻ സാധിച്ചത്. ഒറ്റക്ക് മത്സരിച്ച കോൺഗ്രസിന് ഒറ്റ സീറ്റുപോലും നേടാനായില്ല.

Tags:    
News Summary - Saurabh Bharadwaj named Delhi AAP chief, Manish Sisodia to lead in party's Punjab unit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.