അഗർത്തല: അവശ്യവസ്തുക്കളുടെ വിലവർധനക്കെതിരെ ത്രിപുരയിൽ സി.പി.എം നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ ബി.ജെ.പി ആക്രമണം. സുധൻ ദാസ് എംഎൽഎയും ത്രിപുര സ്റ്റേറ്റ് റൈഫിൾസ് ഉദ്യോഗസ്ഥനും ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. തെക്കൻ ത്രിപുരയിലെ രാജ് നഗറിൽ ഞായറാഴ്ചയാണ് സംഭവം. കഴിഞ്ഞ ദിവസം ഖൊവായ് ജില്ലയിലെ തെലിയാമുറയിൽ നടന്ന സമാന രീതിയിലുള്ള ആക്രമണത്തിൽ 12 സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.
സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടിയായ സി.പി.എം ഞായറാഴ്ച വൈകീട്ട് നടത്തിയ പ്രതിഷേധ പരിപാടിക്കിടെയാണ് സംഭവം. സി.പി.എം പൊതുയോഗം നടക്കുന്നതിന്‍റെ നേരെ എതിർവശത്ത് ബിജെപി പ്രവർത്തകരും തടിച്ചുകൂടി പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയായിരുന്നുവെന്ന് ബെലോണിയ സബ് ഡിവിഷണൽ പൊലീസ് ഓഫിസർ സൗമ്യ ദേബ് ബർമ പറഞ്ഞു.
പരസ്പരം മുദ്രാവാക്യം വിളിയും ആക്രോശവുമായതോടെ നിയന്ത്രണം കൈവിട്ട് കല്ലേറിൽ കലാശിച്ചു. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് നേരിയ ലാത്തിച്ചാർജ് നടത്തി. അഞ്ച് ടിയർഗാസ് ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തു. പരിക്കേറ്റ സുധൻ ദാസ് എംഎൽഎയെയും പാർട്ടി പ്രവർത്തകരെയും അഗർത്തല ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ (എജിഎംസി) പ്രവേശിപ്പിച്ചു. അതേസമയം, സംഭവത്തിൽ തങ്ങളുടെ മണ്ഡലം പ്രസിഡന്‍റ് രഞ്ജിത് സർക്കാർ ഉൾപ്പെടെ ചില പ്രവർത്തകർക്ക് പരിക്കേറ്റതായി ബി.ജെ.പി വക്താവ് നബേന്ദു ഭട്ടാചാര്യ പറഞ്ഞു.
പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും ജാഗ്രത പാലിക്കുന്നുണ്ടെന്നും സബ് ഡിവിഷണൽ പൊലീസ് ഓഫിസർ സൗമ്യ ദേബ് ബർമ പറഞ്ഞു.
സംസ്ഥാനത്ത് സി.പി.എം പ്രവർത്തകർക്ക് നേരെ ഭരണകക്ഷിയായ ബി.ജെ.പിയുടെ നേതൃത്വത്തിൽ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാം നാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദർശിക്കുമെന്ന് മുൻ മുഖ്യമന്ത്രിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ മണിക് സർക്കാർ കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വീണ്ടും അക്രമം അരങ്ങേറിയത്.
സംസ്ഥാനത്തെ പൊലീസ് ഭരണകക്ഷിയുടെ പാവയായി മാറി. നിയമലംഘകർക്കെതിരെ നടപടി എടുക്കുന്നില്ല. അക്രമ നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാരും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ബിപ്ലബ് ദേബും ദയനീയമായി പരാജയപ്പെട്ടുവെന്നും മണിക് സർക്കാർ ്ആരോപിച്ചിരുന്നു.
"2019 ജൂൺ 28 മുതൽ 2021 ജൂൺ 25 വരെ ഒമ്പത് ആൾക്കൂട്ട കൂട്ടക്കൊല, കസ്റ്റഡി മരണങ്ങൾ എന്നിവ സംസ്ഥാനത്തുടനീളം നടന്നു. ഇത് ആശങ്കാജനകമാണ്. ഗവർണറെ അറിയിച്ചശേഷം സി.പി.എം പ്രവർത്തകർക്ക് നേരെ 60 ആക്രമണങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്" -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.