ന്യൂഡൽഹി: അടുത്ത മാസം നടക്കേണ്ട ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ പൊതുശത്രുവായ ബി.ജെ.പിയെ നേരിടാൻ കോൺഗ്രസുമായി സി.പി.എം ധാരണയിലേക്ക്. സി.പി.എം, കോൺഗ്രസ് നേതാക്കൾ ഇതിനകം നടത്തിയ ചർച്ചകൾക്കു പിന്നാലെ, അഗർത്തലയിൽ നടക്കുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ഇക്കാര്യത്തിൽ ചൊവ്വാഴ്ച അന്തിമ തീരുമാനമെടുക്കും. ത്രിപുര കോൺഗ്രസിന്‍റെ ചുമതലയുള്ള അജോയ് കുമാറുമായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഞായറാഴ്ച ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ, അഗർത്തലയിൽ നടക്കുന്ന സി.പി.എം യോഗത്തിൽ സീതാറാം യെച്ചൂരിയും പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടും പങ്കെടുക്കുന്നുണ്ട്.
ഇതിനൊപ്പം രണ്ടു പാർട്ടികളുടെയും നേതാക്കൾ തമ്മിൽ അനൗദ്യോഗിക കൂടിക്കാഴ്ചകളും നടക്കുന്നുണ്ട്. ത്രിപുര തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള നീക്കുപോക്ക് കഴിഞ്ഞമാസം ഡൽഹിയിൽ നടന്ന പോളിറ്റ് ബ്യൂറോ യോഗം ചർച്ച ചെയ്തിരുന്നു. അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് വിട്ടു. ഇതിന് പിറകെയാണ് പാർട്ടി ജനറൽ സെക്രട്ടറി കോൺഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. മുൻ മുഖ്യമന്ത്രി മണിക് സര്‍ക്കാർ അടക്കം ത്രിപുരയിലെ നേതാക്കൾ കോൺഗ്രസുമായി സീറ്റു പങ്കിടൽ വേണമെന്ന നിലപാടിലാണ്. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് താഴെയിറക്കണമെന്ന് കോൺഗ്രസും സി.പി.എമ്മും ഉൾപ്പെടെ അഞ്ച് പാർട്ടികൾ ഈയിടെ സംയുക്തമായി ആഹ്വാനം ചെയ്തതും ഐക്യത്തിനുള്ള ചുവടായി.
ഗോത്ര മേഖലയില്‍ സ്വാധീനമുള്ള പ്രദ്യോത് മാണിക്യ ദേബ്‍ ബര്‍മന്‍റെ ’ത്രിപ്ര മോത്ത പാർട്ടി’യും കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായി നേരിട്ട് വിഷയം സംസാരിച്ചതായി പ്രദ്യോത് മാണിക്യ പറഞ്ഞു. 20 മണ്ഡലത്തിൽ ത്രിപ്ര മോത്ത പാർട്ടിക്ക് സ്വാധീനമുണ്ടെന്നാണ് സി.പി.എം, കോൺഗ്രസ് വിലയിരുത്തൽ.
60 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് സി.പി.എമ്മിന് 16 സീറ്റുകളാണ് 2018ൽ ലഭിച്ചത്. സി.പി.എം ഭരണം അട്ടിമറിച്ച ബി.ജെ.പിക്ക് 36ഉം ഐ.പി.എഫ്.ടിക്ക് എട്ടും സീറ്റുകൾ ലഭിച്ചു. എന്നാൽ ഭരണവിരുദ്ധ വികാരത്തിനൊടുവിൽ ബി.ജെ.പിക്ക് മുഖ്യമന്ത്രിയെ മാറ്റേണ്ടി വന്നു. ബി.ജെ.പിയിൽ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.