അഗർത്തല: വംശീയതയും വർഗീയതയും കലാപരൂപം പൂണ്ട മണിപ്പൂരിൽ ജനം നേരിടുന്ന ദുരിതം ഗവർണറുടെ മുന്നിൽ വിവരിച്ച് സി.പി.എം നേതൃസംഘം. അക്രമവും കൊലപാതകവും ശമിക്കാത്ത സംസ്ഥാനത്തെ സ്ഥിതിഗതികൾ നേരിൽ മനസ്സിലാക്കുന്നതിനായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസമാണ് ഇംഫാലിലെത്തിയത്. കലാപം കാരണം പലായനം ചെയ്യേണ്ടിവന്ന് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ അവസ്ഥ സംബന്ധിച്ച് സി.പി.എം സംഘം രാജ്ഭവനിൽ ഗവർണർ അനുസൂയ ഉയ്കെയുമായി ചർച്ച നടത്തി.
കഴിഞ്ഞ ദിവസം തങ്ങൾ സന്ദർശിച്ച ചുരാചന്ദ്പുരിലെയും മൊയ്റാങ്ങിലെയും ക്യാമ്പുകളിൽ സംസ്ഥാന-പ്രാദേശിക ഭരണകൂടങ്ങൾ ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങൾ തീർത്തും അപര്യാപ്തമാണെന്ന് യെച്ചൂരി ഗവർണറെ അറിയിച്ചതായി ഗവർണറുടെ ഓഫിസ് അറിയിച്ചു.
ക്യാമ്പുകളിലെ കുട്ടികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ശരിയായ ആഹാരം ലഭിക്കാതെ ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കുന്നതായും ക്യാമ്പുകളിൽ പിറക്കുന്ന കുട്ടികളുടെ പരിചരണം അവതാളത്തിലാണെന്നും സംഘം ചൂണ്ടിക്കാട്ടി.
മൂന്നുദിവസ സന്ദർശനത്തിനായാണ് സി.പി.എം സംഘം സംസ്ഥാനത്തെത്തിയത്. രാഷ്ട്രീയപരമായ പരിഹാരം മാത്രമാണ് നിലവിലെ പ്രതിസന്ധിക്ക് പരിഹാരമെന്ന് യെച്ചൂരി പറഞ്ഞു. വിവിധ പൊലീസ് സ്റ്റേഷനുകളിൽനിന്ന് ആയുധങ്ങൾ കൊള്ളയടിക്കപ്പെട്ടത് ഏറെ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നപരിഹാരത്തിന് പാർട്ടിഭേദമന്യേ സഹകരിക്കണമെന്ന് ഗവർണർ പ്രതിനിധി സംഘത്തോട് പറഞ്ഞു. പ്രധാനമന്ത്രിയെയും മറ്റു നേതാക്കളെയും താൻ നേരിട്ടുപോയി കണ്ടിരുന്നെന്നും സാധ്യമാകുന്ന വേഗത്തിൽ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ വഴിതേടണമെന്ന് ഉണർത്തിയിട്ടുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ഇതിനിടെ, മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ട മുഖ്യമന്ത്രി ബിരേൻസിങ് സ്ഥാനമൊഴിയണമെന്ന് മുതിർന്ന സി.പി.എം നേതാവ് ജിതേന്ദ്ര ചൗധരി ആവശ്യപ്പെട്ടു. രാജ്യമെമ്പാടും ജനങ്ങളെ വിഭാഗീയമായി വേർതിരിക്കാനുള്ള ബി.ജെ.പി-ആർ.എസ്.എസ് കുതന്ത്രത്തിന്റെ ഭാഗമാണ് സംസ്ഥാനത്തെ അക്രമമെന്ന് സന്ദർശന സംഘത്തിലെ അംഗവും സി.പി.എം ത്രിപുര സെക്രട്ടറിയുമായ ചൗധരി ആരോപിച്ചു. ‘‘മണിപ്പൂരിലേത് ഒറ്റപ്പെട്ട അക്രമമായി തങ്ങൾ കാണുന്നില്ല. ജനങ്ങൾക്കിടയിൽ പരസ്പര സംശയവും വിഭാഗീയതയും വളർത്താനുള്ള ബി.ജെ.പി-ആർ.എസ്.എസിന്റെ ദേശീയതലത്തിലുള്ള പരിപാടിയാണിത്. ഇത്തരം സംഭവങ്ങൾ എല്ലായിടത്തും നടക്കുന്നു’’ -ചൗധരി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.