ന്യൂഡൽഹി: പാർട്ടിക്ക് ജനങ്ങളുമായുള്ള ബന്ധത്തിൽ വിള്ളൽ സംഭവിച്ചിട്ടുണ്ടെന്ന് കണ്ണൂർ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള സി.പി.എം കരട് രാഷ്ട്രീയ പ്രമേയം. യുവാക്കളിലും വനിതകളിലും പാർട്ടി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പാർട്ടി അംഗത്വം ലഭിക്കാൻ യോഗ്യരായവരെ കണ്ടെത്തുന്നതിന് ഊന്നൽ നൽകി പാർട്ടി ശക്തിപ്പെടുത്തണമെന്നും കരട് പ്രമേയം നിർദേശിച്ചു.
ദേശീയതലത്തിലും പാർട്ടി ദുർബലമായ പശ്ചിമ ബംഗാളിലും ത്രിപുരയിലും ജനങ്ങളുമായി അകൽച്ച സംഭവിച്ചതിനെക്കുറിച്ച് കരട് പ്രമേയത്തിൽ വിശദീകരിക്കുന്നുണ്ട്. അടിയന്തരമായി രാഷ്ട്രീയവും ആശയപരവുമായ അടിത്തറ ശക്തിപ്പെടുത്തണം. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഇടപെട്ട് ബന്ധം ദൃഢമാക്കണം. പ്രാദേശിക പ്രശ്നങ്ങളിൽ ഊന്നൽ നൽകണം. ഹിന്ദുത്വത്തെ സംഘടനാപരമായും ആശയപരമായും നേരിടണമെന്നും കരട് പ്രമേയത്തിൽ വിശദീകരിക്കുന്നു.
സി.പി.എം ചൈന അനുകൂലികളാണെന്ന തരത്തില്‍ നടത്തുന്ന പ്രചാരണങ്ങളെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ കരുതല്‍ വേണമെന്നും പാര്‍ട്ടി അണികള്‍ക്ക് മുന്നറിയിപ്പു നല്കുന്നു.
കേരളത്തില്‍ ആർ.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ സി.പി.എം പ്രവര്‍ത്തകരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എൽ.ഡി.എഫ് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ബി.ജെ.പി ശ്രമിക്കുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെട്ട യു.ഡി.എഫ് ഇക്കാര്യങ്ങളില്‍ ബി.ജെ.പിയെ അനുകൂലിക്കുന്ന നിലപാടാണ് വെച്ചു പുലര്‍ത്തുന്നത്. കേരളത്തിലെ എൽ.ഡി.എഫ് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സി.പി.എം എല്ലാ പിന്തുണയും ഉറപ്പു നല്കുന്നു എന്നും കരട് നയത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.