ന്യൂഡൽഹി: വോട്ട് യന്ത്രത്തിെൻറ വിശ്വാസ്യത വീണ്ടും ചോദ്യം െചയ്യപ്പെടുന്നു. വോട്ട് യന്ത്രത്തിൽ അട്ടിമറി നടത്താൻ സാധിക്കുമെന്നതിന് ഇതുവരെ തെളിവുകൾ ലഭ്യമല്ലെങ്കിലും അടുത്തിടെ നടന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പിലെ വോട്ട് വ്യതിയാനമാണ് യന്ത്രത്തെ പ്രതിക്കൂട്ടിലാക്കുന്നത്. ഇതിന് തെരഞ്ഞെടുപ്പ് കമീഷനോ പോളിങ് ഉദ്യോഗസ്ഥർക്കോ ‘ചട്ടപ്പടി’ മറുപടിയല്ലാതെ തൃപ്തികരമായ വിശദീകരണം നൽകാൻ ആകുന്നില്ല. കഴിഞ്ഞ നവംബറിൽ നടന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ നിരവധി മണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടിലാണ് വൻ വ്യതിയാനം കണ്ടെത്തിയത്. ചിലയിടങ്ങളിൽ എണ്ണിയ വോട്ടുകൾ കൂടിയപ്പോൾ മറ്റിടങ്ങളിൽ ദുരൂഹമായി വോട്ടുകൾ കുറഞ്ഞു. 10 പ്രധാന മണ്ഡലങ്ങളിലെ വോട്ടുനില ‘ദി ക്വിൻറ്’ വെബ്സൈറ്റ് പരിശോധിച്ചതിൽനിന്നാണ് ഇത് വ്യക്തമായത്.
ബി.ജെ.പിയുടെ ഗോപിലാൽ യാദവ് 34,000 ത്തോളം വോട്ടിന് ജയിച്ച ഗുണയിൽ 2605 വോട്ടുകളാണ് അധികം വന്നത്. വോട്ട് യന്ത്രത്തിൽ പോൾ െചയ്ത വോട്ടുകൾ 1,42,986. എണ്ണിയതാകെട്ട, 1,45,591 വോട്ടും. വൻ ഭൂരിപക്ഷത്തിന് ബി.ജെ.പി നിലനിർത്തിയ ഗോവിന്ദ്പുരയിലും ഇതു തന്നെയാണ് അവസ്ഥ. 2,12,022 വോട്ടുകൾ പോൾ ചെയ്യപ്പെട്ടപ്പോൾ എണ്ണിയത് 2,14,054 വോട്ടുകൾ. കൂടിയത് 2032 വോട്ടുകൾ. പാൻധന, ജബൽപൂർ കേൻറാൺമെൻറ്, ഹുസുർ എന്നിവിടങ്ങളിൽ യഥാക്രമം 1495, 1426, 848 വോട്ടുകളാണ് അധികം എണ്ണിയത്. മൂന്നിടത്തും ബി.െജ.പി ജയിച്ചു. റായ്ഗാവിലാണ് വോട്ടിൽ ഏറെ കുറവ് കണ്ടെത്തിയത്. 1,46,836 വോട്ടുകൾ പോൾ ചെയ്തപ്പോൾ എണ്ണിയത് 1,45,005 വോട്ടുകൾ മാത്രം. 1831 വോട്ടിെൻറ കുറവ്. ഇവിടെയും ബി.ജെ.പിക്കായിരുന്നു ജയം.
ഭോപാൽ (ദക്ഷിണ-പശ്ചിം), ഭോപാൽ (ഉത്തർ), സോൻകച്ച്, രാജ്നഗർ എന്നിവിടങ്ങളിൽ യഥാക്രമം 1740, 1462, 1210, 1205 വോട്ടുകൾ കുറഞ്ഞു. ഇൗ നാലിടത്തും േകാൺഗ്രസ് ആണ് വിജയിച്ചത്. ഇങ്ങനെ വോട്ടുകൾ കൂടുന്നതിെൻറയും കുറയുന്നതിെൻറയും ശാസ്ത്രീയ, സാേങ്കതിക വശം വിശ്വാസയോഗ്യമായി വിശദീകരിക്കാൻ ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
മാനുഷിക പിഴവെന്ന് കമീഷൻ
പോളിങ് ദിനത്തിൽ മൂന്നുമുതൽ 10 ശതമാനം വരെ യന്ത്രങ്ങൾ തകരാറിലാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അനുമാനം. നാമമാത്രമായ മാനുഷിക പിഴവുകൾ മാത്രമാണ് കണ്ടെത്തിയതെന്നും മറ്റുപ്രശ്നങ്ങൾ ഇല്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമീഷെൻറ വിശദീകരണം. അതേസമയം, കൃത്യമായ നടപടിക്രമങ്ങളുള്ളതിനാൽ മാനുഷിക പിഴവുകൾക്ക് സാധ്യതയില്ലെന്നാണ് എതിർവാദം.
പക്ഷേ, എങ്ങനെ വോട്ടുകളിൽ ഇത്ര വ്യത്യാസം വരുന്നുവെന്ന് വിശദീകരിക്കാൻ ആർക്കുമാകുന്നില്ല. പോളിങ് ദിനത്തിന് മുമ്പ് നടത്തിയ പരീക്ഷണ പോളിങ്ങിലെ വിവരങ്ങൾ മായ്ക്കപ്പെടാതെ കിടക്കുന്നതുകൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നതെന്നും വാദമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.