ന്യൂഡൽഹി: എം.പിമാർക്കും എം.എൽ.എമാർക്കുമെതിരായ ക്രിമിനൽ കേസ് ബന്ധപ്പെട്ട ഹൈകോടതിയുടെ അനുമതി കൂടാതെ പിൻവലിക്കരുതെന്ന് സുപ്രീംകോടതി. കേരള നിയമസഭയിലെ കയ്യാങ്കളി കേസിലെ വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. എം.പിമാർക്കും എം.എൽ.എമാർക്കുമെതിരായ കേസുകൾ പ്രത്യേക കോടതി രൂപീകരിച്ച് വേഗത്തിൽ തീർക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹരജിയിൽ, അമിക്കസ് ക്യൂറി വിജയ് ഹൻസാരിയയുടെ നിർദേശം അംഗീകരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിനീത് സരൺ എന്നിവരടങ്ങിയ ബെഞ്ചിന്‍റെ ഉത്തരവ്.
എം.പിമാർക്കും എം.എൽ.എമാർക്കുമെതിരായ ക്രിമിനൽ കേസുകൾ പരിഗണിക്കുന്ന ജഡ്ജിമാരെ സുപ്രീംകോടതിയുടെ അനുമതിയില്ലാതെ മാറ്റരുത്. സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് 48 മണിക്കൂറിനകം രാഷ്ട്രീയ പാർട്ടികൾ പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചു.
സിറ്റിങ്, മുൻ എം.പിമാർ, എം.എൽ.എമാർ എന്നിവർക്കെതിരായ ക്രിമിനൽ കേസുകളിൽ രണ്ട് വർഷത്തിനുള്ളിൽ 17 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി അമിക്കസ് ക്യൂറി അറിയിച്ചു. ജനപ്രതിനിധികൾക്കെതിരായ കേസുകളുടെ വിവരം നൽകാൻ സുപ്രീംകോടതി എല്ലാ ഹൈകോടതി രജിസ്ട്രാർമാരോടും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.