മരണം അലംഭാവം മൂലമെങ്കിൽ കടുത്ത ശിക്ഷക്ക് ശിപാർശ; ക്രിമിനൽ നിയമഭേദഗതി ബില്ലുകൾക്ക് ഹിന്ദി പേര് തന്നെ

ന്യൂഡൽഹി: അലംഭാവം മൂലമുള്ള മരണങ്ങൾക്ക് കടുത്ത ശിക്ഷ വ്യവസ്ഥചെയ്യാൻ ക്രിമിനൽ നിയമപരിഷ്കാര ബില്ലുകൾ പഠിച്ച പാർലമെന്‍ററി സമിതിയുടെ ശിപാർശ. സർക്കാർ ഉദ്യോഗസ്ഥന്‍റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുന്ന കേസുകളിൽ ശിക്ഷ രണ്ടിൽനിന്ന് ഒരു വർഷം തടവായി കുറക്കുന്നതിനും സമിതി നിർദേശിച്ചു.

ക്രിമിനൽ നിയമങ്ങൾക്കുപകരം പാർലമെന്‍റിൽവെച്ച മൂന്ന് പുതിയ ബില്ലുകളെക്കുറിച്ച് പഠിക്കുന്ന ആഭ്യന്തരകാര്യ സഭാസമിതിയുടേതാണ് ശിപാർശകൾ. ഈ മൂന്നു നിയമങ്ങളുടെയൂം പേര് ഹിന്ദിയിലാക്കിയ തീരുമാനത്തിൽ ഭേദഗതിയില്ല. ഇന്ത്യൻ ശിക്ഷ നിയമം (ഐ.പി.സി), ക്രിമിനൽ നടപടിച്ചട്ടം (സി.ആർ.പി.സി), ഇന്ത്യൻ തെളിവു നിയമം എന്നിവക്ക് പകരം ഹിന്ദി പേരുകളോടെയുള്ള നിയമ പരിഷ്കരണ ബില്ലുകൾ മഴക്കാല സമ്മേളനത്തിലാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്‍റിൽവെച്ചത്. ഭാരതീയ ന്യായസംഹിത, നാഗരിക സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിങ്ങനെയാണ് പകരം വന്ന പേരുകൾ. മൂന്നു മാസ സമയപരിധി നൽകി ഈ ബില്ലുകൾ പാർലമെന്‍റ് സമിതിയുടെ പരിശോധനക്ക് വിടുകയായിരുന്നു.

കോളനിവാഴ്ചക്കാലത്തെ പേരുകൾ മാറുകതന്നെ വേണമെന്ന നിലപാടാണ് തിങ്കളാഴ്ച നടന്ന സമിതി യോഗത്തിൽ ബി.ജെ.പി അംഗങ്ങൾ സ്വീകരിച്ചത്. ഡി.എം.കെയിലെ ദയാനിധി മാരനും മറ്റും മാറ്റം നിർദേശിച്ചെങ്കിലും അംഗീകരിച്ചില്ല. ഹിന്ദി പേരുകൾതന്നെ വേണമെന്ന ഭരണപക്ഷ നിലപാടിനെതിരെ തെക്കേന്ത്യയിൽനിന്നുള്ള സമിതി അംഗങ്ങൾ വിയോജനക്കുറിപ്പ് നൽകും. ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി വിയോജനക്കുറിപ്പ് ഇതിനകം കൈമാറിയിട്ടുണ്ട്.

നിരവധി ഭേദഗതികളും പ്രതിപക്ഷ വിയോജനക്കുറിപ്പുമായാണ് സമിതി പഠന റിപ്പോർട്ട് കൈമാറുക. വിയോജന കുറിപ്പ് നൽകാൻ മൂന്നു ദിവസ സാവകാശം വേണമെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം ആവശ്യപ്പെട്ടെങ്കിലും 48 മണിക്കൂർ സമയപരിധി മതിയെന്ന തീരുമാനത്തിൽ ചെയർമാൻ ഉറച്ചുനിന്നു. ബി.ജെ.പി എം.പി ബ്രിജ്ലാൽ അധ്യക്ഷനായ സമിതിയിൽ 30 അംഗങ്ങളാണ് ഉള്ളത്.

Tags:    
News Summary - Criminal Law Amendment Bill india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.