ബംഗളൂരു: നിയമ നിർമാണ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള സീറ്റ് നേടുന്നതിൽനിന്ന് ബി.ജെ.പി പിന്നോട്ട് പോയതിന് പിന്നാലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിനെതിരെ വിമർശനം ശക്തമാകുന്നു. പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളാണ് അണിയറയിൽ വിമർശനം ഉന്നയിക്കുന്നത്. പാർട്ടി നേതാക്കൾക്കിടയിലും പാർട്ടിയിലും പ്രവർത്തകർക്കിടയിലും സർക്കാറിലും ജനങ്ങൾക്കിടയിലും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നേതൃത്വം ഉറപ്പാക്കുന്നതിലും വിശ്വാസത്തിലെടുക്കുന്നതിലും പരാജയപ്പെട്ടുവെന്നാണ് വിമർശനം.
നിയമ നിർമാണ കൗൺസിൽ തെരഞ്ഞെടുപ്പിൽ 25 സീറ്റിൽ 12 സീറ്റാണ് ബി.ജെ.പി നേടിയത്. കോൺഗ്രസ് 11 ലും ജെ.ഡി-എസും സ്വതന്ത്രനും ഒാരോ സീറ്റിലും വിജയിച്ചു. കൗൺസിൽ അംഗങ്ങളുടെ എണ്ണം ബി.ജെ.പി വർധിപ്പിച്ചെങ്കിലും ഭൂരിപക്ഷം ഉറപ്പിക്കാനായില്ല. ബെളഗാവിയിൽ വിജയം ഉറപ്പായിരുന്ന ബി.ജെ.പിയുടെ മുതിർന്ന നേതാവായ മഹന്തേഷ് പരാജയപ്പെട്ടത് കനത്ത തിരിച്ചടിയായി. മൈസൂരുവിലും തുമകുരുവിലും ബെളഗാവിയിലും ബി.ജെ.പി വിജയം ഉറപ്പാക്കിയെങ്കിലും അവിടെ എല്ലാം കോൺഗ്രസ് വിജയിച്ചു.
ഇതെല്ലാം പാർട്ടി പ്രവർത്തകരെ ഏകോപിപ്പിക്കുന്നതിൽ ബൊമ്മൈയുടെ നേതൃത്വം പരാജയപ്പെട്ടുവെന്നാണ് ജില്ല നേതാക്കളുടെ വിമർശനം. പ്രാദേശിക നേതാക്കളും മുഖ്യമന്ത്രിയും തമ്മിലുള്ള ഏകോപനമില്ലായ്മയും തിരിച്ചടിയായി. എം.എൽ.സി തെരഞ്ഞെടുപ്പിൽ വോട്ട് വിഹിതത്തിൽ ബി.ജെ.പിയേക്കാൾ കോൺഗ്രസ് ആയിരുന്നു മുന്നിൽ. മുഖ്യമന്ത്രിയായി മാസങ്ങൾ കഴിഞ്ഞിട്ടും ബൊമ്മൈക്ക് പാർട്ടിയിൽ സ്വാധീനമുണ്ടാക്കാനായിട്ടില്ലെന്നും സർക്കാറിെൻറ നേതൃത്വത്തിലും കാര്യമായി ഒന്നും ചെയ്യാനായില്ലെന്നും ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നുണ്ട്.
ബി.എസ്. യെദിയൂരപ്പക്ക് പകരമായി കർണാടകയിലെ ബി.ജെ.പി സർക്കാറിനെ നയിക്കാനുള്ള വലിയ ഉത്തരവാദിത്തമാണ് കേന്ദ്ര നേതൃത്വം ബൊമ്മൈക്ക് നൽകിയതെന്നും എന്നാൽ, എം.എൽ.സി തെരഞ്ഞെടുപ്പ് അദ്ദേഹത്തിെൻറ പരാജയമാണ് സൂചിപ്പിക്കുന്നതെന്നും മുതിർന്ന ബി.ജെ.പി നേതാവ് വാർത്ത ഏജൻസിയോട് പറഞ്ഞു. 12 സീറ്റുകളിൽ വിജയിച്ചുവെന്നതല്ലാതെ മറ്റൊന്നും സന്തോഷിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മൈയെ സ്വീകരിക്കാൻ ഒരു വിഭാഗം മടിക്കുന്നതും പരാജയകാരണമായതായി മറ്റൊരു നേതാവ് ചൂണ്ടിക്കാണിക്കുന്നു. ബെളഗാവിയിൽ മുഖ്യമന്ത്രി ഉൾപ്പെടെ പ്രചാരണത്തിന് എത്തിയിട്ടും പരാജയപ്പെട്ടത് അഭിമാന പ്രശ്നമായാണ് കാണുന്നത്. ബി.ജെ.പി കോട്ടയിലെ വിള്ളൽ നികത്താനായില്ലെങ്കിൽ വരുംനാളിൽ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിനെതിരെ പാർട്ടിയിൽ പടനീക്കം ശക്തമാകുമെന്ന മുന്നറിയിപ്പും നേതാക്കൾ നൽകുന്നുണ്ട്.
ബംഗളൂരു: എം.എൽ.സി തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി നേതൃത്വത്തിനെതിരെ വിമർശനം രൂക്ഷമാവുകയും മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കുമെന്ന അഭ്യൂഹങ്ങൾ ഉയരുകയും ചെയ്യുമ്പോൾ സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്കു മുന്നിൽ വൈകാരിക പ്രസംഗവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ''ലോകത്ത് ഒന്നും നിത്യമല്ല. സ്ഥാനവും സ്ഥാനമാനങ്ങളുമെല്ലാം എക്കാലത്തേക്കുമുള്ളതല്ല. ഒരോ നിമിഷത്തിലും ഇത് സ്ഥിരമല്ലെന്ന ബോധ്യം എനിക്കുണ്ട്'' -എന്നായിരുന്നു ബൊമ്മൈയുടെ വൈകാരിക പ്രതികരണം.
അദ്ദേഹത്തെ നേതൃസ്ഥാനത്തുനിന്ന് മാറ്റുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വിടവാങ്ങലിന് സമാനമായ വൈകാരിക പ്രസംഗം ഷിഗാവോണിൽ നടത്തിയത്. ബ്രിട്ടീഷുകാർക്കെതിരെ പട നയിച്ച കിട്ടൂർ റാണി ചെന്നമ്മയുടെ പ്രതിമ ഷിഗാവോണിൽ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''തനിക്ക് വലിയകാര്യങ്ങളൊന്നും പറയാനില്ല. നിങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് മാത്രം മതി. വൈകാരികമാകാതിരിക്കാൻ പരമാവധി ശ്രമിച്ചു. എന്നാൽ, നിങ്ങളെ കാണുമ്പോൾ വൈകാരികമായി പ്രതികരിച്ചുപോയി'' - ബസവരാജ് വിതുമ്പികൊണ്ട് പറഞ്ഞു. കാൽമുട്ടുമായി ബന്ധപ്പെട്ട ചികിത്സക്കായി വിദേശത്തേക്ക് പോകുമെന്ന അനൗദ്യോഗിക റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ബി.എസ്. യെദിയൂരപ്പ രാജിവെച്ചശേഷം ഇക്കഴിഞ്ഞ ജൂലൈ 28നാണ് ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.