ന്യൂഡൽഹി: ഡൽഹി ലോധി റോഡിലെ ലാൽ മസ്ജിദ് പൊളിച്ചുനീക്കാൻ കേന്ദ്രസേനയുടെ നീക്കം. ഇതിന്‍റെ ഭാഗമായി പള്ളി കാലിയാക്കാൻ ഇമാമിനോട് പൊലീസ് ആവശ്യപ്പെട്ടു. സ്വാതന്ത്ര്യലബ്ധിക്ക് മുൻപേ മുസ്ലിംകൾ ആരാധന നടത്തിവരുന്ന മസ്ജിദ് പൊളിച്ച് വഖഫ് ഭൂമി കൈയേറി അർധസൈനിക വിഭാഗത്തിന് ഒാഫിസുകളും ബാരക്കുകളും പണിയാനാണ് ശ്രമം. ഇതനുവദിക്കില്ലെന്ന് ഡൽഹി വഖഫ് ബോർഡ് വ്യക്തമാക്കി.
നിസാമുദ്ദീൻ, ലോധി റോഡ് പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർ നേരിട്ട് വന്നാണ് ലാൽമസ്ജിദ് ഇമാമിനോട് പള്ളി കാലിയാക്കാൻ ആവശ്യപ്പെട്ടത്. വിവരമറിഞ്ഞ് ലാൽ മസ്ജിദിലെത്തിയ ഡൽഹി വഖഫ് ബോർഡ് ചെയർമാൻ അമാനതുല്ലാ ഖാൻ പൊലീസ് നീക്കം അനുവദിക്കില്ലെന്നും സി.ആർ.പി.എഫ് നടപടിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്നും അറിയിച്ചു.
ഇതിന് മുമ്പും ലാൽ മസ്ജിദ് തകർക്കാർ സി.ആർ.പി.എഫ് ശ്രമം നടത്തിയതാണെന്ന് അമാനതുല്ലാ ഖാൻ പറഞ്ഞു. വഖഫ് ട്രൈബ്യൂണലിൽ കേസ് നടന്നുകൊണ്ടിരിക്കുന്ന പഴയ പള്ളി പൊളിച്ചുനീക്കാൻ എങ്ങിനെ സാധ്യമാകുമെന്ന് അദ്ദേഹം ചോദിച്ചു. ഡൽഹിയിലെ പള്ളികൾ തകർക്കാനും ഖബർസ്ഥാനുകൾ കൈയാറാനുമുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന് ലഫ്റ്റനൻറ് ഗവർണറോടും ഖാൻ ആവശ്യപ്പെട്ടു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സി.ജി.ഒ കോംപ്ലക്സിനോട് ചേർന്ന് കിടക്കുന്ന 2.33 ഏക്കർ വഖഫ് ഭൂമി സി.ആർ.പി.എഫിന് കൈമാറാൻ 2017 ഫെബ്രുവരി 25ന് കേന്ദ്ര നഗര വികസന മന്ത്രാലയത്തിന് കീഴിലുള്ള ഭൂ വികസന കമീഷണർ ഉത്തരവ് ഇറക്കിയിരുന്നു. തുടർന്ന്, കേന്ദ്ര റിസർവ് പൊലീസിന് ഒാഫിസുകളും ബാരക്കുകളും കാൻറീനും പാർക്കിങ് സ്ഥലവുമൊരുക്കാനായി സ്ഥലം 49 ലക്ഷം രൂപക്ക് കേന്ദ്ര സർക്കാർ മാർച്ച് 22ന് കച്ചവടം നടത്തുകയും ചെയ്തു. വഖഫ് ഭൂമി കൈയേറുന്നതിനെതിെര കേന്ദ്ര സർക്കാറിനെതിരെ 2011ൽ ഹബീബുർറഹ്മാൻ നൽകിയ കേസ് കോടതി പരിഗണനയിലിരിക്കെയായിരുന്നു നിയമവിരുദ്ധമായ ഇൗ കച്ചവടം. വിചിത്രമെന്ന് പറയെട്ട, കോടതിയിലിരിക്കുന്ന കേസ് ഭാവിയിൽ സി.ആർ.പി.എഫ് നടത്താമെന്ന് കേസിലെ കക്ഷിയെയും കോടതിയെയും അറിയിക്കാതെ കേന്ദ്രം ധാരണയും ഉണ്ടാക്കി.
ലാൽ മസ്ജിദും ഖബർസ്ഥാനും 1970ലെ ഡൽഹി ഗസറ്റ് വിജഞാപനത്തിൽ വഖഫ് ഭൂമിയായി വ്യക്തമാക്കിയതാണ്. ഈഭൂമിയാണ് കൈയേറി വിൽപന നടത്തിയത്. ഇതിനെതിരെ ഡൽഹി വഖഫ് ബോർഡ് 2017 ജൂലൈ 29ന് നിസാമുദ്ദീൻ പൊലീസ് സ്റ്റേഷൻ എച്ച്.എസ്.ഒക്ക് പരാതി നൽകിയിരുന്നു. വഖഫ് ഭൂമി കുടിയൊഴിപ്പിക്കാനുള്ള നീക്കം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഈ പരാതിയുടെ പകർപ്പ് ഡിഫൻസ് കോളനി സബ് ഡിവിഷണൽ മജിസ്ട്രേറ്റിനും അയച്ചിരുന്നു. തുടർന്ന് നിർത്തിവെച്ച ഒഴിപ്പിക്കലിനാണ് കേന്ദ്ര സേന വീണ്ടും സമ്മർദ്ദം തുടങ്ങിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.