ന്യൂഡൽഹി: അതിവിശിഷ്ട വ്യക്തികളുടെ സുരക്ഷാ ചുമതലകളിൽനിന്ന് അടുത്ത മാസം മുതൽ കമാൻഡോ സംഘമായ നാഷനൽ സെക്യൂരിറ്റി ഗാർഡിനെ (എൻ.എസ്.ജി) പിൻവലിക്കും. രാജ്യത്തെ ഒമ്പത് ‘ഇസഡ് പ്ലസ്’ വിഭാഗത്തിലെ വി.ഐ.പികളുടെ സുരക്ഷാകാര്യങ്ങൾ സി.ആർ.പി.എഫിന് കൈമാറാനും കേന്ദ്ര സർക്കാർ ഉത്തരവിട്ടു. പാർലമെന്റ് സുരക്ഷാ ചുമതലകളിൽനിന്ന് അടുത്തിടെ പിൻവലിച്ച പ്രത്യേക പരിശീലനം ലഭിച്ച സി.ആർ.പി.എഫ് ബറ്റാലിയനെ വി.ഐ.പി സുരക്ഷ വിഭാഗത്തിൽ ഉൾപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം അനുമതി നൽകി.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുൻ മുഖ്യമന്ത്രി മായാവതി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി, കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ, ബി.ജെ.പി നേതാവും ഛത്തിസ്ഗഢ് മുൻ മുഖ്യമന്ത്രിയുമായ രമൺ സിങ്, ജമ്മു -കശ്മീർ മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദ്, നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു എന്നിവരുടെ സുരക്ഷക്ക് ഇനി സി.ആർ.പി.എഫിന്റെ കാവലുണ്ടാകും.
സന്ദർശിക്കേണ്ട സ്ഥലത്തിന്റെ മുൻകൂർ നിരീക്ഷണമടക്കം അഡ്വാൻസ്ഡ് സെക്യൂരിറ്റി ലെയ്സൺ (എ.എസ്.എൽ) പ്രോട്ടോകോൾ ആദിത്യനാഥിനും രാജ്നാഥിനും ഒരുക്കും. ആഭ്യന്തരമന്ത്രി അമിത് ഷാ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് നിലവിൽ എ.എസ്.എൽ സുരക്ഷയൊരുക്കുന്നുണ്ട്. എൻ.എസ്.ജിയും സി.ആർ.പി.എഫും ചുമതലകൾ കൈമാറുന്നത് ഒരു മാസത്തിനകം പൂർത്തിയാകും. ആറ് വി.ഐ.പി സുരക്ഷ ബറ്റാലിയനാണ് സി.ആർ.പി.എഫിനുള്ളത്. ഒരു ബറ്റാലിയൻകൂടി തുടങ്ങും. ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എൻ.എസ്.ജിയെ വി.ഐ.പി സുരക്ഷയിൽനിന്ന് മാറ്റുന്നത്. എൻ.എസ്.ജിക്ക് 450 ഓളം ബ്ലാക്ക് ക്യാറ്റ് കമാൻഡോകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.