രണ്ടുവർഷമായി വിട്ടുമാറാത്ത വയറുവേദന; സ്കാനിങ്ങിൽ യുവതിയുടെ വയറ്റിൽ കണ്ടെത്തിയത് കത്രിക

ഭോപ്പാൽ: കഠിനമായ വയറുവേദനയെ തുടർന്ന് സി.ടി സ്കാൻ ചെയ്ത യുവതിയുടെ വയറ്റിനുള്ളിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക കണ്ടെത്തി. മധ്യപ്രദേശിലെ ഭിന്ദിയിലാണ് ഡോക്ടർമാരുടെ അശ്രദ്ധ മൂലം യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തിയത്.

തുടർച്ചയായ വയറുവേദനയ്ക്ക് ഡോക്ടർ കുറിച്ച് നൽകിയ മരുന്നുകളൊന്നും ഫലിക്കാതെ വന്നതോടെയാണ് നാല്പത്തിനാലുകാരിയായ കമല ബായ് സ്കാൻ ചെയ്തത്. സ്കാനിങ്ങിലാണ് കത്രിക കണ്ടെത്തിയത്. ലോഹവസ്തുവാണ് ആദ്യം വയറ്റിൽ കണ്ടതെന്നും പിന്നീടാണ് അത് കത്രികയാണെന്ന് മനസിലായതെന്നും സ്കാൻ ചെയ്ത സതീഷ് ശർമ പറഞ്ഞു.

രണ്ട് വർഷം മുമ്പ് ഗ്വാളിയോറിലെ ഒരു ആശുപത്രിയിൽ കമല ശസ്ത്രക്രിയ ചെയ്തിരുന്നുവെന്ന് കുടുംബം പറയുന്നു. അന്നു മുതൽ നിരന്തരം വയറുവേദന അനുഭവപ്പെട്ടിരുന്നു. മരുന്ന് കഴിച്ചിട്ടും മാറ്റമുണ്ടാകാതിരുന്നതോടെയാണ് സ്കാൻ ചെയ്യാൻ ഡോക്ടർമാർ നിർദേശിച്ചത്. ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ അബദ്ധത്തിൽ കത്രിക വയറിനുള്ളിൽ മറന്നതാണെന്നാണ് സംശയം.

ഗുരുതരമായ വീഴ്ചയ്ക്ക് ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കമലയുടെ കുടുംബം ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ അശ്രദ്ധ മൂലമാണ് കമല ബായിക്ക് ഇത്രയും വേദന അനുഭവിക്കേണ്ടി വന്നതെന്ന് കുടുംബം പറഞ്ഞു. സ്കാനിങ് സംബന്ധിച്ച് പൂർണമായ റിപ്പോർട്ട് തയ്യാറാക്കി ഉന്നത അധികാരികൾക്ക് അയക്കുമെന്ന് ജില്ലാ ആശുപത്രി അധികൃതർ അറിയിച്ചു.

Tags:    
News Summary - ct-scan-reveals-pair-of-scissors-stuck-in-womans-stomach-in-mps-gwalior-family-suspect-docs-left-it-during-surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.