സി-ടെറ്റ് പരീക്ഷാത്തട്ടിപ്പ്: ബിഹാറിൽ ആൾമാറാട്ടം നടത്തിയ 31 പേർ അറസ്റ്റിൽ

പട്ന: ഈ മാസം ഏഴിന് നടന്ന അധ്യാപക യോഗ്യതാ പരീക്ഷയായ സി-ടെറ്റിൽ ആൾമാറാട്ടം നടത്തിയ 31 പേർ ബിഹാറിൽ കസ്റ്റഡിയിൽ. കേസുമായി ബന്ധപ്പെട്ട് നേരത്തെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെ സംശയം തോന്നി കൂടുതൽ പരിശോധന നടത്തിയതോടെയാണ് വീണ്ടും അറസ്റ്റുണ്ടായത്. ആറ് ജില്ലകളിൽനിന്നാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ അഞ്ച് യുവതികളുമുണ്ട്.

ആൾമാറാട്ടം നടത്താൻ ഉദ്യോഗാർഥികളിൽനിന്ന് തട്ടിപ്പുസംഘം 25,000 മുതൽ 50,000 രൂപ വരെ വാങ്ങിയിരുന്നതായും പൊലീസ് കണ്ടെത്തി. ഉദ്യോഗാർഥികളുടെ ഹാൾടിക്കറ്റും തിരിച്ചറിയൽ രേഖയും ഉപയോഗിച്ചാണ് ഇവർ പരീക്ഷയിൽ തട്ടിപ്പ് നടത്തിയത്. എന്നാൽ വിരലടയാള പരിശോധനയിൽ ഇവർ കുടുങ്ങുകയായിരുന്നു. ബിഹാറിലെ പ്രാദേശിക തട്ടിപ്പു സംഘത്തെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. പട്ന, ദർഭംഗ, സരൺ, ഗോപാൽഗഞ്ച്, ഗയ, ബെഗുസരായി എന്നിവിടങ്ങളിൽ ആൾമാറാട്ടം നടന്നു.

പരീക്ഷാ കേന്ദ്രങ്ങളിലെ സൂപ്രണ്ടുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത് വരികയാണ്. ഇവർക്ക് മറ്റ് സംസ്ഥാനങ്ങളുമായി ബന്ധമുണ്ടോ എന്നതുൾപ്പെടെ പരിശോധിക്കും. അതേസമയം നീറ്റ് പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ ഒരാൾ കൂടി അറസ്റ്റിലായി. ലാത്തൂരിൽനിന്ന് സി.ബി.ഐയാണ് തട്ടിപ്പ് നടത്തിയ ആളെ പിടികൂടിയത്. വിശദാംശങ്ങൾ വെളിപ്പെടുത്താൻ അന്വേഷണ സംഘം തയാറായിട്ടില്ല.

Tags:    
News Summary - CTET 2024: 31 impersonators including five women arrested in Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.