സി.യു.ഇ.ടി: അവസാന നിമിഷം സെന്റർ മാറ്റി; നിരവധി പേർക്ക് പരീക്ഷ നഷ്‌ടമായി

ന്യൂഡൽഹി: രാജ്യത്തും വിദേശത്തുമായി 510 നഗരങ്ങളിൽ വെള്ളിയാഴ്ച ആരംഭിച്ച കോമൺ യൂനിവേഴ്‌സിറ്റി പ്രവേശന പരീക്ഷയുടെ ആദ്യ പതിപ്പ് നിരവധി വിദ്യാർഥികൾക്ക് നഷ്‌ടമായി. അവസാന നിമിഷം പരീക്ഷകേന്ദ്രം മാറ്റിയതിനെത്തുടർന്നാണിത്.

പലർക്കും മെയിൽ വഴി ഹാൾടിക്കറ്റ് അയച്ചുവെങ്കിലും പരീക്ഷകേന്ദ്രം മാറുന്ന വിവരം അറിയിക്കാതിരുന്നത് തിരിച്ചടിയായി. അതേസമയം, അവസരം നഷ്‌ടമായവർക്ക് മറ്റൊരു അവസരം നൽകുമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ‌.ടി‌.എ) ഉദ്യോഗസ്ഥർ പറഞ്ഞു. ആഗസ്റ്റിലെ രണ്ടാം ഘട്ടത്തിലാകും അത്. പരീക്ഷകേന്ദ്രങ്ങളിൽ മാറ്റം വരുത്തിയതിനാൽ ഹാജരാകാൻ കഴിയാത്തവർക്കാണ് വീണ്ടും അവസരം ലഭിക്കുക.

98 ശതമാനം വിദ്യാർഥികൾക്കും അവർ ആവശ്യപ്പെട്ട മുൻഗണനാകേന്ദ്രം അനുവദിച്ചതായി യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യു.ജി.സി) അവകാശപ്പെട്ടു. അതിനിടെ, പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുരിയിലും പഞ്ചാബിലെ പത്താൻകോട്ടിലുമുള്ള രണ്ട് കേന്ദ്രങ്ങളിലെ പരീക്ഷ സാങ്കേതിക തകരാറുകൾ കാരണം റദ്ദാക്കി. ഡൽഹിയിലെ പല കേന്ദ്രങ്ങളിലും പരീക്ഷയെഴുതിയവർ, ചോദ്യങ്ങൾ ബുദ്ധിമുട്ടുള്ളതല്ലെന്നും എന്നാൽ, സമയം തികഞ്ഞില്ലെന്നും പറഞ്ഞു.

കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള പൊതു പ്രവേശന പരീക്ഷയാണ് കോമൺ യൂനിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി). രാജ്യത്തെ രണ്ടാമത്തെ വലിയ പ്രവേശന പരീക്ഷയാണിത്.

14.9 ലക്ഷം പേരാണ് പരീക്ഷക്കായി രജിസ്‌റ്റർ ചെയ്തത്. ശരാശരി 18 ലക്ഷം രജിസ്‌ട്രേഷനുള്ള നീറ്റ്-യു.ജിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രവേശന പരീക്ഷ. ജെ.ഇ.ഇ-മെയിനിന്റെ രജിസ്‌ട്രേഷൻ ഒമ്പതുലക്ഷം കവിഞ്ഞു.

രണ്ടുഘട്ടങ്ങളിലായാണ് പ്രവേശന പരീക്ഷ നടക്കുന്നത്. ഒന്നാംഘട്ടം ജൂലൈയിലും രണ്ടാംഘട്ടം ആഗസ്റ്റിലും.

2022-23 അക്കാദമിക് സെഷനിൽ യു.ജി പ്രവേശനത്തിനുള്ള സി.യു.ഇ.ടിയുടെ ആദ്യ പതിപ്പിൽ പങ്കെടുക്കാൻ മൊത്തം 44 കേന്ദ്ര സർവകലാശാലകൾ, 12 സംസ്ഥാന സർവകലാശാലകൾ, 11 ഡീംഡ് സർവകലാശാലകൾ, 19 സ്വകാര്യ സർവകലാശാലകൾ എന്നിവ അപേക്ഷിച്ചിട്ടുണ്ട്.

Tags:    
News Summary - CUET: Center changed at last minute; Many missed the exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.