കൈവിട്ടു; ഇനി കൊണ്ടും കൊടുത്തും

ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ആരും കരുതിയതല്ല. പെട്ടെന്നായിരുന്നു എല്ലാം. പോക്കറ്റില്‍ നിന്ന്  500, 1000 രൂപ നോട്ടുകള്‍ ഇല്ലാതായി. അത് ‘ചില്ലറ’ പ്രശ്നങ്ങളല്ല ഉണ്ടാക്കുന്നതെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടുകഴിഞ്ഞു. ജനം ദുരിതത്തിന്‍െറ നടുക്കടലിലായി. ഇനിയെന്താണ് വരാനിരിക്കുന്നതെന്നത് സംബന്ധിച്ച്  കൃത്യമായി പ്രവചനങ്ങളൊന്നുമില്ല. എങ്കിലും നോട്ടുമാറ്റം കൊണ്ടും കൊടുത്തും മുന്നേറുമെന്നാണ് വിലയിരുത്തല്‍.

കള്ളപ്പണത്തെ കുടത്തിലടയ്ക്കാന്‍

കള്ളപ്പണത്തിന്‍െറ കടയ്ക്കല്‍ കത്തിവെക്കുന്ന ധീര നടപടിയായാണ് സര്‍ക്കാര്‍ നോട്ട് റദ്ദാക്കലിനെ വിശേഷിപ്പിക്കുന്നത്. രാജ്യത്തെ പിടിച്ചുലക്കുന്ന സാമ്പത്തിക പരിഷ്കരണത്തിലൂടെ സമാന്തര സാമ്പത്തിക വ്യവസ്ഥയെന്ന ഭൂതത്തെ കുടത്തിലടയ്ക്കാനും ലക്ഷ്യമിടുന്നു. ഇതോടൊപ്പം 500, 1000 രൂപ നോട്ടുകളുടെ വ്യാജ കറന്‍സിയും ഇല്ലാതാകും. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാജനാണ് വ്യാപകമായി ഉപയോഗിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 ഇപ്പോള്‍ ജനം അനുഭവിക്കുന്ന കഷ്ടപ്പാട് താല്‍ക്കാലികം മാത്രമായിരിക്കുമെന്നും ദീര്‍ഘകാലയളവില്‍ ഇത് രാജ്യത്തിന് നേട്ടം കൊണ്ടുവരുമെന്നും സര്‍ക്കാര്‍ കരുതുന്നു.   നിലവില്‍ 16.42 ലക്ഷം കോടിയുടെ നോട്ടുകളാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. ഇതില്‍ പിന്‍വലിക്കപ്പെട്ട 500, 1000 രൂപ നോട്ടുകളുടെ മൂല്യം 14.18 ലക്ഷം കോടി വരും.

ഇതിന്‍െറ 20 ശതമാനം കള്ളപ്പണമെന്ന് കണക്കാക്കുകയും അത് ബാങ്കിലേക്ക് തിരിച്ചുവരാതിരിക്കുകയും ചെയ്താല്‍ രാജ്യത്തിന് 2.84 ലക്ഷം കോടിയുടെ നേട്ടമാണ് കണക്കാക്കുന്നത്. അതേസമയം, 500, 1000രൂപ നോട്ടുകള്‍ അസാധുവാക്കിയതിലൂടെ ഏകദേശം എട്ടുലക്ഷം കോടിയോളം രൂപ ബാങ്കിലത്തെിയെന്നും ആകെ ആറുലക്ഷം കോടി സര്‍ക്കാറിന് സാമ്പത്തിക നേട്ടമായെന്നുമാണ് വിലയിരുത്തല്‍.

മാന്ദ്യം എല്ലായിടത്തും

ചെറുകിട കച്ചവടക്കാര്‍ക്കും അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കും സാമ്പത്തിക അസ്ഥിരതയാണ് ഫലം. വഴിയോര കച്ചവടക്കാര്‍ തൊട്ട് ടാക്സി ഡ്രൈവര്‍മാര്‍ വരെ ഇതില്‍പെടും. രാജ്യത്തെ തൊഴില്‍ ശക്തിയുടെ ഭൂരിപക്ഷവും ഇവരാണ്. ഇതോടൊപ്പം സാധാരണക്കാരന്‍െറ കൈയില്‍ കാശില്ലാതെ വരുന്നത് ചെലവഴിക്കാനുള്ള ത്വര തടയും. ഇത് വിപണിയെ ബാധിക്കും. 2017 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തികവര്‍ഷത്തില്‍ ആഭ്യന്തര മൊത്ത ഉല്‍പാദനം നിലവില്‍ പ്രതീക്ഷിച്ചിരുന്ന 6.8ല്‍ നിന്ന് 3.5 ആയി കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍.
സാമ്പത്തിക അനിശ്ചിതാവസ്ഥ ഓഹരി വിപണിക്കും തിരിച്ചടിയുണ്ടാക്കും. അതേസമയം, സാമ്പത്തിക സാങ്കേതിക മേഖലകളിലെ കമ്പനികള്‍ക്കും ഇ-കോമേഴ്സ് വിപണിക്കും വന്‍ നേട്ടം പ്രവചിക്കപ്പെടുന്നു.

കാര്‍, ടി.വി, റഫ്രിജറേറ്റര്‍, വിലകൂടിയ മൊബൈലുകള്‍ തുടങ്ങി ഉപഭോക്തൃ ഉല്‍പന്ന വിപണിയില്‍ മാന്ദ്യമാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും ഇന്‍റര്‍നെറ്റ് ബാങ്ക് ഇടപാടുകള്‍ വഴിയും വിലകൂടിയ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കപ്പെടും. ആത്യന്തികമായി ചെറുകിട-കൃഷി-ചരക്ക് വിപണിയില്‍ ഹ്രസ്വകാല മാന്ദ്യം തുടരും.
അത്യാഡംബര കാറുകള്‍, രത്നങ്ങള്‍, വിലകൂടിയ ആഭരണങ്ങള്‍, മുന്തിയ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ എന്നിവയുടെ വിപണിയിലും കച്ചവടം ഇടിയും. അതേസമയം, സ്വര്‍ണത്തിന് വിലകൂടും

റിയല്‍ എസ്റ്റേറ്റിന് തിരിച്ചടി

ഇടക്കാല-ദീര്‍ഘകാല തിരിച്ചടിയാണ് റിയല്‍ എസ്റ്റേറ്റ് രംഗത്തുണ്ടാവുക. പ്രത്യേകിച്ച് ഭൂമി വില്‍പന -വാങ്ങല്‍ വിപണിയില്‍. ഭൂമി വില 15മുതല്‍ പരമാവധി 30 ശതമാനം വരെ കുറയാമെന്നാണ് ഈ മേഖലയിലുള്ളവരുടെ വിലയിരുത്തല്‍.  കള്ളപ്പണമാണ് ഭൂവില ഉയര്‍ത്തിനിര്‍ത്തിയിരുന്നത്. കറന്‍സി റദ്ദാക്കലിനു മുന്‍പുള്ള ആഴ്ചയില്‍ 13000 ഭൂമി ഇടപാടുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ അതിനുശേഷമുള്ള ആഴ്ചയില്‍  8400 ഇടപാടുകളേ നടന്നിട്ടുള്ളു. മുദ്രപ്പത്ര വില്‍പന 55 ശതമാനം കുറഞ്ഞു. രജിസ്ട്രേഷന്‍ വരുമാനത്തില്‍ 85ശതമാനം ഇടിവുണ്ടായി. ഭൂമിയുടെയും വീടുകളുടെയും പുനര്‍വില്‍പന നിലച്ച മട്ടാണ്. അതേസമയം പണം കുമിഞ്ഞുകൂടിയ ബാങ്കുകള്‍ ഗാര്‍ഹിക വായ്പ പലിശ നിരക്ക് 7-7.5 ശതമാനം വരെ കുറച്ചാല്‍ ഭാവിയില്‍ റിയല്‍ എസ്റ്റേറ്റ് രംഗം കരകയറുമെന്ന പ്രതീക്ഷയുമുണ്ട്.

പ്ളാസ്റ്റിക് കറന്‍സിയിലേക്ക്

500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് ജനങ്ങളുടെ പണവിനിമയ രീതികളില്‍ മാറ്റം വരുത്തും. പരോക്ഷമായി ഇതിലൂടെ വന്‍നേട്ടം കൊയ്യുന്നത് സാമ്പത്തിക സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്ന കമ്പനികളും പേയ്മെന്‍റ് ബാങ്കുകള്‍, മൊബൈല്‍ വാലറ്റുകള്‍, ഇലക്ട്രോണിക് പണം കൈമാറ്റ ദാതാക്കള്‍ എന്നിവരുമാണ്. കറന്‍സിരഹിത സാമ്പത്തിക വ്യവസ്ഥ രാജ്യത്തിന്‍െറ ദീര്‍ഘകാല ലക്ഷ്യങ്ങളിലൊന്നുകൂടിയാണ്.
രൂപ താഴേക്ക്

രൂപയുടെ മൂല്യം ഇടിഞ്ഞു. ഡോളറുമായുള്ള  വിനിമയത്തില്‍ ജൂണിനുശേഷം രൂപയുടെ മൂല്യം 68ലത്തെി. ഇനി ജനുവരി-ഫെബ്രുവരി ആകുമ്പോഴേക്കും  രൂപ ഒരു ഡോളറിന് 69ല്‍ എത്തുമെന്നാണ് കരുതുന്നത്. വിപണിയിലെ തളര്‍ച്ചയാണ് രൂപയെയും ബാധിച്ചത്. റിസര്‍വ് ബാങ്ക് ഇക്കാര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഇത് പ്രതികൂലമാകുമോയെന്നത് വിലയിരുത്താറായിട്ടില്ല.

പണപ്പെരുപ്പം

പണപ്പെരുപ്പതോതില്‍ നേരിയ ഇടിവുണ്ടാകും. അവശ്യസാധനങ്ങളുടെ ഡിമാന്‍റ് കുറയുന്നതാണ് കാരണം. ദീര്‍ഘകാലയളവില്‍ റിസര്‍വ് ബാങ്കിന് പണപ്പെരുപ്പ കൈകാര്യം എളുപ്പമാക്കും. ഭാവിയില്‍ പലിശനിരക്ക് കുറയും.

വീണ്ടും വരുമോ കള്ളപ്പണം

സാമ്പത്തിക വ്യവസ്ഥയില്‍ സമൂലമാറ്റം പ്രതീക്ഷിക്കുന്നു. സാധാരണക്കാരെ ഒരു വിധത്തിലും സമ്പന്നരെ മറ്റൊരു വിധത്തിലും നോട്ട് അസാധുവാക്കല്‍ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കള്ളപ്പണവും പണത്തിന്‍െറ അനധികൃത ഇടപാടുകളും തടയാന്‍ നോട്ട് റദ്ദാക്കല്‍ ലോകരാജ്യങ്ങള്‍ അംഗീകരിച്ച മാര്‍ഗമാണ്. അതിനാല്‍ ഇന്ത്യയുടെ നടപടിക്കും മിക്ക ലോകരാജ്യങ്ങളുടെയും പിന്തുണ കിട്ടി. എന്നാല്‍, ഇപ്പോള്‍ പുറത്തിറക്കിയ 2000 രൂപയുടെ നോട്ട് ഭാവിയില്‍ വീണ്ടും കള്ളപ്പണമായി സംഭരിക്കപ്പെടാന്‍ ഇടയാകുമെന്ന് കരുതുന്നു. ആളുകള്‍ കൂടുതലായി 2000 രൂപയുടെ പണവിനിമയത്തിലേക്കും മാറും.

Tags:    
News Summary - currency ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.