കള്ളപ്പണം വെളിപ്പെടുത്താന്‍ അവസാന അവസരം

ന്യൂഡല്‍ഹി: നികുതി നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതിനു പിന്നാലെ, കള്ളപ്പണം വെളിപ്പെടുത്താന്‍ ‘അവസാന’ അവസരം പ്രഖ്യാപിച്ച് സര്‍ക്കാര്‍. വരുന്ന ശനിയാഴ്ച മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ കണക്കില്‍പെടാത്ത വരുമാനം 50 ശതമാനം നികുതിയും പിഴയും ഒടുക്കി നിയമവിധേയമാക്കാമെന്ന് റവന്യൂ സെക്രട്ടറി ഹസ്മുഖ് അധിയ വിശദീകരിച്ചു.

കള്ളപ്പണം വെളിപ്പെടുത്താന്‍ ഇക്കുറി ‘അവസാന’ അവസരമായിരിക്കുമെന്നാണ് റവന്യൂ സെക്രട്ടറി പറഞ്ഞത്.  കള്ളപ്പണ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ പൊതുജനങ്ങള്‍ക്കും പങ്കുചേരാം. കള്ളപ്പണം ഒളിപ്പിക്കുന്നവരെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാന്‍ പാകത്തില്‍ blackmoneyinfo@incometax.gov.in എന്ന പുതിയ ഇ-മെയില്‍ വിലാസവും സര്‍ക്കാര്‍ നല്‍കി.

പ്രധാനമന്ത്രിയുടെ ദരിദ്രക്ഷേമ പദ്ധതിക്ക് കീഴില്‍ സ്വത്ത് വെളിപ്പെടുത്താനുള്ള അവസരം ശനിയാഴ്ച ആരംഭിക്കും. വെളിപ്പെടുത്തല്‍ സംബന്ധിച്ച വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. വിവരങ്ങള്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ഉപയോഗിക്കില്ല. കൈയിലുള്ള തുക ബാങ്കില്‍ നിക്ഷേപിക്കുന്നതോടെ കള്ളപ്പണം വെളുത്തുവെന്ന ധാരണ വേണ്ടെന്ന് റവന്യൂ സെക്രട്ടറി പറഞ്ഞു. കള്ളപ്പണമെന്ന് കണ്ടത്തെുന്ന മുറക്ക് നികുതി അടച്ചേ മതിയാവൂ.

ഈ പദ്ധതി പ്രകാരം കിട്ടുന്ന നികുതിയും പിഴത്തുകയും പാവപ്പെട്ടവരുടെ ക്ഷേമത്തിന് പ്രയോജനപ്പെടുത്താന്‍ നീക്കിവെക്കുന്നതു കൊണ്ടാണ് പദ്ധതിക്ക് ദരിദ്രക്ഷേമ പദ്ധതിയെന്ന പേര്. നോട്ട് അസാധുവാക്കിയശേഷം വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ 316 കോടി രൂപ പിടിച്ചെടുത്തതായി ഹസ്മുഖ് അധിയ പറഞ്ഞു. ഇതില്‍ 80 കോടി രൂപയുടേത് പുതിയ നോട്ടുകളാണ്.

Tags:    
News Summary - currency demonetization black money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.